Kerala

ശിവഗിരി മഠം സന്ദർശിച്ച് രാഹുൽ ഗാന്ധി; ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലത്ത്

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി ശിവഗിരി സന്ദർശിച്ചു. രാവിലെ ആറരയോടെയാണ് സന്ദർശനം. ശ്രീ നാരായണ ഗുരുദേവ സമാധിയിലും ശാരദാ മഠത്തിലും പ്രാർഥന നടത്തിയ രാഹുലിന് സ്വാമിമാർ ഊഷ്മളമായ സ്വീകരണം ഒരുക്കി. ഗുരുദേവന്റെ പുസ്തകങ്ങളും സമ്മാനിച്ചു.

ക്ഷണിക്കപ്പെടാതെ തന്നെ രാഹുൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും ശിവഗിരിയിലെത്തിയിട്ടുണ്ടെങ്കിലും രാഹുലിന്റെ ആദ്യ സന്ദർശനമാണ്. ഇതിൽ രാഷ്ട്രീയമില്ലെന്ന് വി.ഡി.സതീശനും വ്യക്തമാക്കി.