ബാലഗോപാലിൻ്റേത് ഭിന്നതയും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്ന പ്രസംഗം: ഗവർണർ
യുപി പോലുള്ള സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസ്സിലാക്കാൻ പ്രയാസമാണ് എന്ന മന്ത്രി ബാലഗോപാലിന്റെ പ്രസംഗം കേരളവും മറ്റു സംസ്ഥാനങ്ങളുമായി ഭിന്നത സൃഷ്ടിക്കുകയും മറ്റു സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസം വ്യത്യസ്തമാണ് എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസം യുജിസി ചട്ടങ്ങൾ അനുസരിച്ചാണ് എന്നിരിക്കെ ബാലഗോപാലിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. സർവകലാശാലകൾക്കു യുജിസി ധനസഹായവും നൽകുന്നുണ്ട്.
മന്ത്രി കെ.എൻ.ബാലഗോപാൽ വാക്കുകൾ സത്യപ്രതിജ്ഞാ ലംഘനമാണെന്നു തെളിയിക്കാൻ ഗവർണർ ഉദ്ധരിച്ചതു പത്രങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകളാണ്. ബാലഗോപാലിന്റെ പ്രസ്താവന ഗവർണറുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനും അന്തസ്സ് ഇടിച്ചു താഴ്ത്താനും ലക്ഷ്യമിട്ട് ആണെന്നു മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ഗവർണർ ആരോപിക്കുന്നു. മന്ത്രി ആർ.ബിന്ദുവും ബാലഗോപാലും പ്രസ്താവന നടത്തിയെങ്കിലും കൂടുതൽ അസ്വസ്ഥത ഉണ്ടാക്കിയതു ബാലഗോപാലിന്റെ അഭിപ്രായമാണ്. പ്രാദേശിക വാദം വളർത്തുന്ന ഇതു തടയാതിരുന്നാൽ ദേശീയ ഐക്യത്തെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കും. അപകീർത്തികരമായ അഭിപ്രായ പ്രകടനം എന്ന അറിയിപ്പോടെ ആണ് 5 പത്രവാർത്തകൾ അദ്ദേഹം ഉദ്ധരിച്ചത്. ബാലഗോപാലിന്റെ പരാമർശങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ തന്റെ വീഴ്ചയായി മാറുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.