ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ്

തൊടുപുഴ: 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് താത്കാലികമായി പെര്‍മിറ്റ് അനുവദിച്ച്്് സര്‍ക്കാര്‍ ഉത്തരവായി. നാല് മാസത്തേക്ക് താത്കാലിക പെര്‍മിറ്റ് അനുവദിക്കാനാണ് തീരുമാനം. പുതിയ തീരുമാന പ്രകാരം ഇടുക്കിയില്‍ 80 ബസുകളുടെ പെര്‍മിറ്റാണ് പുനഃസ്ഥാപിക്കപ്പെടുന്നത്. പെര്‍മിറ്റ് പുതുക്കേണ്ട എന്ന തീരുമാനം ഇടുക്കിയില്‍ യാത്രക്ലേശം രൂക്ഷമാക്കി മറയൂര്‍, കാന്തലൂര്‍, കോവിലൂര്‍, സൂര്യനെല്ലി, കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള യാത്രക്കാരെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം പ്രതികൂലമായി ബാധിച്ചിരുന്നു. ഈ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി വളരെ കുറച്ചു സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലുള്ളവര്‍ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസ് സര്‍വീസുകളെയാണ്. ഇവ ഇല്ലാതാകുന്നത് സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികളെയും രാത്രി യാത്രക്കാരെയുമടക്കം ദുരിതത്തിലാക്കി. ഹൈറേഞ്ചില്‍ വനമേഖലയിലൂടെയാണ് കൂടുതല്‍ ബസുകളും ഓടുന്നത്. കോവില്‍ കടവില്‍നിന്ന് സര്‍വീസ് തുടങ്ങുന്ന ബസ് കോതമംഗലത്ത് എത്തുമ്പോഴേക്കും 140 കിലോമീറ്റര്‍ പരിധിയിലെത്തും. ഇതിനിടയ്ക്ക് മറയൂര്‍, മൂന്നാര്‍, അടിമാലി, നേര്യമംഗലം എന്നിങ്ങനെ മാത്രമാണ് പ്രധാന സ്റ്റോപ്പുകള്‍ ഉള്ളത്. ബാക്കി ഭൂരിഭാഗം സ്ഥലങ്ങളും വനത്തിലൂടെ വേണം പോകാന്‍. കോതമംഗലം മേഖലയില്‍നിന്ന് ഹൈറേഞ്ചിലേക്ക് സര്‍വിസ് നടത്തുന്ന 32 ബസുകള്‍ ഉള്‍പ്പെടെ ഇടുക്കിയില്‍ 80 ബസുകളുടെ പെര്‍മിറ്റാണ് നിറുത്തലാക്കിയിരുന്നത്.