വനം മന്ത്രിക്ക് ധാർഷ്ട്യം:എൻ. അജിത് മുതിരമല
കേരളത്തിലെ പകുതിയോളം പ്രദേശങ്ങളിൽ ഇന്ന് വ്യാപിച്ചിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെയും നിർദിഷ്ട വന നിയമഭേദഗതിക്കെതിരെയും കർഷകർ നിരന്തര സമരത്തിലാണ്. അതിജീവന പോരാട്ടത്തിലാണ്. കർഷക മുന്നേറ്റത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 138 എംഎൽഎമാർക്കും ഈ വിഷയത്തിൽ ഇമെയിൽ സന്ദേശം അയക്കുകയുണ്ടായി.നിർദിഷ്ട വന നിയമഭേദഗതിക്കെതിരെ ഉള്ള നിർദ്ദേശങ്ങൾ കർഷകർ വനംവകുപ്പിന് നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം കേരള കോൺഗ്രസ് പാർട്ടിയുടെ ഹൈപവർ കമ്മറ്റി യോഗത്തിൽ ചെയർമാൻ പറഞ്ഞത് നിർദിഷ്ട വനനിയമ ഭേദഗതി അപ്പാടെ പിൻവലിക്കണം എന്നാണ്. ഇക്കാര്യത്തിൽ ഹൈപ്പർ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.ജനുവരി 13,14 തീയതികളിൽ ചരൽക്കുന്നിൽ നടക്കുന്ന ക്യാമ്പിൽ വന നിയമഭേദഗതിക്കെതിരെ നടത്തേണ്ട സമരപരിപാടികളെ കുറിച്ച് പാർട്ടി ആലോചിക്കും. ഈ നിയമ ഭേദഗതി അപ്പാടെ പിൻവലിക്കുന്നതുവരെ കേരളത്തിലെ കർഷകർ സമര രംഗത്തുണ്ടാകും. വനംമന്ത്രി പറയുന്നത് വന നിയമഭേദഗതിയെ പറ്റി പ്രശ്നം കേരള കോൺഗ്രസിന് മാത്രമാണെന്നാണ്. മുഖ്യമന്ത്രിയുടെ പിന്തുണ ഉണ്ടെങ്കിൽ എന്തുംചെയ്യാമെന്ന ധാർഷ്ട്യമാണ് വനം മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ. കോതമംഗലത്തെ കാട്ടാന ചവിട്ടിക്കൊന്നത് കേരള കോൺഗ്രസുകാരനെയല്ല പാവപ്പെട്ട ആദിവാസിയാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം കാട്ടുമൃഗങ്ങളുടെ ശല്യം മൂലം അപകടത്തിൽപ്പെട്ടിട്ടുള്ളത് നൂറുകണക്കിന് ഇരുചക്ര വാഹനക്കാരാണ്. അവരിന്ന് ആശുപത്രിയിലും ചികിത്സയിലുമാണ്. കനത്ത നഷ്ടങ്ങൾ അവർക്ക് സംഭവിച്ചിട്ടുണ്ട്. കാട്ടുപന്നി കയറി ആക്രമിച്ചത് മൂലം നിരവധി കർഷകരുടെ ഉപജീവന മാർഗ്ഗം ഇന്നു തടസ്സപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ തനതു കൃഷിയായ കപ്പ കൃഷി അന്യം നിന്നു പോകുന്ന സ്ഥിതിയിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. ഈ നിലയിൽ ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ വളരെ ലളിത വൽക്കരിച്ച് അത് കേരള കോൺഗ്രസിന്റെ ഒരു പ്രശ്നമായി ചിത്രീകരിക്കാൻ വനംമന്ത്രി ശ്രമിച്ചത് വനം വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ മാഫിയ താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ്. ഈ വിഷയത്തിൽ കേരളത്തിലെ കർഷകർ ഒരു ഇഞ്ച് പോലും പിന്നോട്ട് പോകുന്ന പ്രശ്നമില്ല. കർഷകർ നിരവധിയായ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. വില തകർച്ച ഉൾപ്പെടെ കാർഷിക മേഖലയിൽ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ കർഷകർ നട്ടം തിരിയുമ്പോൾ കൂനിന്മേൽ കുരുവന്ന പോലെ വന്യജീവി, വന്യമ്യുഗങ്ങളുടെ ആക്രമണം അവരെ ഇന്ന് തളർത്തി നിസ്സഹായരാക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ കേരള കോൺഗ്രസ് പാർട്ടി ഏതറ്റം വരെയും മുന്നോട്ടു പോകും ഈ പോരാട്ടത്തിൽ കേരളത്തിന്റെ മുഴുവൻ കർഷക സമൂഹത്തിന്റെയും സാധാരണക്കാരുടെയും പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.*