വർധിപ്പിച്ച നികുതിയിൽ ഇളവു പ്രഖ്യാപിക്കാതെ ധനമന്ത്രി
ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾക്ക് ഇളവില്ല. ബജറ്റ് ചർച്ചയ്ക്കു മറുപടി പറഞ്ഞ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇളവുകളില്ലെന്നു വ്യക്തമാക്കിയത്.
ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം സാമൂഹ്യസുരക്ഷാ സെസ് ഏർപ്പെടുത്തിയിരുന്നു. വിദേശമദ്യത്തിനും വിലയ്ക്കനുസരിച്ച് 20 രൂപ, 40 രൂപ വീതം സെസ് പ്രഖ്യാപിച്ചു. കെട്ടിടനികുതിയിലും വർധന വരുത്തിയിരുന്നു. ഇതിനെതിരേ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ മറുപടിപ്രസംഗത്തിൽ ധനമന്ത്രി ചില ഇളവുകൾ പ്രഖ്യാപിക്കുമെന്നാണു കരുതപ്പെട്ടിരുന്നത്.
എന്നാൽ ബജറ്റ് നിർദേശങ്ങളിൽ ഒരു രൂപയുടെ പോലും ഇളവ് അനുവദിച്ചില്ല. 44.20 കോടി രൂപയുടെ ഏതാനും ചില പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. കെട്ടിടനികുതി വർധിപ്പിക്കുന്നതുകൊണ്ടു സംസ്ഥാന സർക്കാരിന് നേട്ടം ലഭിക്കുന്നില്ല. അതുവഴി ലഭിക്കുന്ന അധികവരുമാനം തദ്ദേശ സ്ഥാപനങ്ങൾക്കാണു ലഭിക്കുന്നത്. മറ്റു പല നിരക്കുകളിലും കാലോചിതമായ വർധന മാത്രമാണു വരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.