സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടക വീട്: പ്രതിമാസം 85,000 രൂപ വാടക

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടക വീട്. ഔദ്യോഗിക വസതികള്‍ ഒഴിവില്ലാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. 85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392 ആം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സര്‍ക്കാര്‍ വാടകക്ക് എടുത്തത്. ഒരു വര്‍ഷത്തെ വാടക പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. രാജി വയ്ക്കുന്നതിന് മുമ്പ് കവടിയാറിലായിരുന്നു സജി ചെറിയാന്റെ ഒദ്യോഗിക വസതി. ഇത് പിന്നീട് മന്ത്രി വി അബ്ദുറഹിമാന് നല്‍കി. തുടര്‍ന്നാണ് വസതികളൊന്നും ഒഴിവില്ലാത്തതിനാല്‍ ഇപ്പോള്‍ വീട് വാടകയ്‌ക്കെടുത്തിരിക്കുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ ടൂറിസം വകുപ്പ് ഉടന്‍ തന്നെ ആരംഭിക്കും. ക്യാബിനറ്റ് പദവിയുള്ളതിനാല്‍ ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നല്‍കിയതും വാടക വീടാണ്. 45,000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്.