ഇടുക്കി ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് മെയ് 8 മുതല്‍ 13 വരെ
ജൂബിലി സന്ദേശ യാത്ര നടത്തും

സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയും മൂലം ഹൈറേഞ്ചില്‍ നിന്നും കര്‍ഷകര്‍ സ്വയം കുടിയിറങ്ങേണ്ടി വരുന്നത് ഒഴിവാക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടുകൂടിയുള്ള പുത്തന്‍ ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നതാണ് കേരളാ കോണ്‍ഗ്രസ് ജൂബിലി സന്ദേശയാത്രയിലൂടെ ഉന്നയിക്കുന്ന പ്രധാന ആവശ്യം ഇടുക്കി ജില്ല രൂപീകൃതമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ജില്ലയിലെ ജനങ്ങള്‍ അതിരൂക്ഷമായ പ്രതിസന്ധികളെ നേരിടുകയാണ്. കൈവശഭൂമികള്‍ക്ക് മുഴുവന്‍ പട്ടയം നല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ജില്ലയിലെ റിസര്‍വ്വ് വനങ്ങളുടെ ചുറ്റും ബഫര്‍സോണ്‍ എന്ന ഭീഷണി നിലനില്‍ക്കുന്നു. വന്യമൃഗങ്ങളുടെ കടന്നുകയറ്റം കാര്‍ഷിക മേഖലയെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ മൂലം പട്ടയഭൂമിയില്‍ നിര്‍മ്മാണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി മെയ് 8 മുതല്‍ 13 വരെ ജില്ലയുടെ ഗോള്‍ഡന്‍ ജൂബിലി പ്രമാണിച്ച് സന്ദേശയാത്ര സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിക്കുന്നതിന് മുതല്‍ മുടക്കാന്‍ ആരും തയ്യാറാകുന്നില്ല. സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ ജില്ലയുടെ സ്ഥാനം 14 - ാ മതാണ്. ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയും വികസനമുരടിപ്പും തൊഴിലില്ലായ്മയും സമസ്ത മേഖലകളിലും ദൃശ്യമാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തത് കാര്‍ഷിക സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിക്കുകയാണ്. ടൂറിസം മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്നില്ല. ജില്ലയില്‍ വനത്തിന്റെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാര്‍ബണ്‍ ഫണ്ടുപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരവകരമാണ്. ഈ പശ്ചാത്തലത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ കിടപ്പാടവും സ്ഥലവും ഉപേക്ഷിച്ച് സ്വയം കുടിയിറങ്ങുന്ന അവസ്ഥയാണ് ഈ ജൂബിലി സമയത്ത് കാണാന്‍ കഴിയുന്നത്. ഇടുക്കി ജില്ലയ്ക്ക് വികസന രംഗത്ത് ദിശാബോധം നല്‍കിയത് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പി ജെ ജോസഫിന്റെയും കെ എം മാണിയുടെയും നേതൃത്വത്തില്‍ ജില്ലയില്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ദീര്‍ഘവീക്ഷണത്തോടെയുള്ള വിവിധ പദ്ധതികളാണ് ജില്ലയുടെ വികസനത്തിന്റെ അടിസ്ഥാനപരമായി കുതിപ്പുണ്ടാക്കിയത്. പി ജെ ജോസഫ് അനുവദിച്ച നിരവധി സംസ്ഥാന ഹൈവേകള്‍ ഇന്നും ജില്ലയുടെ വികസനത്തിന്റെ നാഴികക്കല്ലാണ്. ജില്ലയ്ക്ക് അദ്ദേഹം അനുവദിച്ച നിരവധിയായ സ്‌കൂളുകളും, പ്ലസ്ടു, എഞ്ചിനീയറിംഗ് മേഖലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതിലൂടെ ഉന്നത വിദ്യാഭ്യാസം ലഭ്യമായ കുട്ടികള്‍ വിദേശത്തും സ്വദേശത്തും ജോലി ലഭിച്ച് അവരുടെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും കാരണമായി. കൈവശ ഭൂമിയില്‍ പട്ടയം ലഭിക്കാന്‍ കേരളാ കോണ്‍ഗ്രസ് നടത്തിയ സമരങ്ങളും പ്രവര്‍ത്തനങ്ങളും ഐതിഹാസികമാണ്. ജില്ല നേരിടുന്ന വികസന പ്രതിസന്ധി ഒഴിവാക്കാന്‍ സമഗ്രമായ പുത്തന്‍ പദ്ധതികള്‍ തയ്യാറാക്കി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുവാനും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇക്കാര്യത്തില്‍ പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുമാണ് കേരളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ജൂബിലി സന്ദേശ യാത്രനടത്തുന്നതെന്നും എം ജെ ജേക്കബ് പറഞ്ഞു. പത്രസമ്മേളനത്തില്‍ അഡ്വ. ജോസി ജേക്കബ് , എം മോനിച്ചന്‍, വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍, എം ജെ കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.