ഇടുക്കി ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്ര ; ഗാനങ്ങൾ പ്രകാശനം ചെയ്തു
തൊടുപുഴ: കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു മുതൽ 13 വരെ നടത്തപ്പെടുന്ന ഇടുക്കി ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്രയ്ക്കു മുന്നോടിയായുള്ള ഗാനങ്ങൾ പാർട്ടി ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പ്രകാശനം ചെയ്തു. ആർ കെ ദാസ് മലയാറ്റിൽ ആണ് ഗാന രചനയും സംഗീതവും നിർവഹിച്ചത്. ജില്ലാ പ്രസിഡന്റ് പ്രൊഫ എം ജെ ജേക്കബ്, ആർ. കെ ദാസ് മലയാറ്റിൽ,ജോസി ജേക്കബ്, അപു ജോൺ ജോസഫ്, അജിത് മുതിരമല, ബ്ലെയിസ് ജി വാഴയിൽ, തോമസ് പയറ്റനാൽ എന്നിവർ സന്നിഹിതരായിരുന്നു. പ്രൊഫ. എം ജെ ജേക്കബ് നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് കഞ്ഞിക്കുഴിയിൽ പി ജെ ജോസഫ് എം എൽ എ നിർവഹിക്കും. ജില്ലയുടെ സമഗ്ര വികസനത്തിനും ജന സുരക്ഷയ്ക്കും ഉതകുന്ന ദീർഘകാല പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.