പന്നിമറ്റം – നാലാംകാട് – ആനക്കയം റോഡ്
പുനര്‍ നിര്‍മ്മിക്കും – അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി
വെള്ളിയാമറ്റം : വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പന്നിമറ്റം – നാലാംകാട് – ആനക്കയം റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ അഞ്ചു കോടി പത്തു ലക്ഷം രൂപയുടെ നടപടി സ്വീകരിച്ചു വരുന്നതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു. അപകടാവസ്ഥയിലുള്ള പുറത്തേക്കടവ് പാലത്തിന് പകരം വടക്കനാറിനു കുറുകെ പുതിയ പാലം നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റും ടെണ്ടര്‍ നടപടികളും ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും എം പി പറഞ്ഞു. വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മെറിറ്റ് ഡേ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ് എം പി.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജില്ലയില്‍ നൂറ് ശതമാനം കരസ്ഥമാക്കിയ സ്‌കൂള്‍ എന്ന നിലയിലും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ താലൂക്ക് തലത്തില്‍ നൂറ് ശതമാനവും ലഭിച്ച ഏക സ്‌കൂള്‍ എന്ന നിലയിലും, എസ് എസ് എല്‍ സിക്കും ഹയര്‍ സെക്കണ്ടറിക്കും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ മെറിറ്റ് ഡേ ആേേഘാഷ പരിപാടിയില്‍ എം പി അഭിനന്ദിച്ചു. എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും ഡീന്‍ കുര്യാക്കോസ് എം പി വിതരണം ചെയ്തു.
വിജയപുരം രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോ ആന്റണി ജോര്‍ജ് പാട്ടപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉപഹാരം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു മഠത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. എം ജെ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടെസിമോള്‍ മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷേര്‍ളി എം സിറിയക്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മോനിച്ചന്‍, രാജു ഓടയ്ക്കല്‍, പി ടി എ പ്രസിഡന്റ് പ്രിന്‍സ് പി ആന്റോ, എം പി ടി എ പ്രസിഡന്റ് അജിത കുമാരി, പ്രിന്‍സിപ്പല്‍ സി. കെ ചന്ദ്രബോസ്, ഹെഡ്മിസ്ട്രസ് ജെസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.