ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ സീറ്റുകൾ നേടും, ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നു: ഇ പി ജയരാജന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്ന് സീറ്റിൽ കൂടുതൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ലീഗിനെ കോൺഗ്രസ് വട്ടം കറക്കുകയാണ്. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ജയരാജന്‍ പറഞ്ഞു. സമരാഗ്നിയിൽ ലീഗിനെ കോൺഗ്രസ് അടുപ്പിക്കുന്നില്ല. ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ മാറ്റിനിർത്തുന്നത്. കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും ഇപി പ്രതികരിച്ചു.

എന്നാല്‍ ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ സീറ്റുകൾ നേടും. അംഗീകാരമുള്ള ജനപ്രതിയുള്ള സ്ഥാനാർത്ഥികളെ എൽഡിഎഫ് മത്സരിപ്പിക്കും. ഇരുപതിൽ ഇരുപത് സീറ്റും എൽഡിഎഫ് നേടുകയും ചെയ്യുമെന്നും ഇപി പറഞ്ഞു. എന്ത് തെറിയും പറയാം എന്ന നിലയിലേക്ക് കോൺഗ്രസ് മാറി. ഒടുവിൽ സഹോദരങ്ങൾ എന്നും പറയുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തര്‍ക്കത്തെ ഇപി പരിഹസിച്ചു. കഴിഞ്ഞ ദിവസം ഇപി സുധാകരന്‍-സതീശന്‍ തര്‍ക്കത്തില്‍ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ തെറിയേ വന്നിട്ടുള്ളൂ, ഇനി അടുത്തത് അടിയായിരിക്കുമെന്നായിരുന്നു ജയരാജന്റെ പരിഹാസം. കോൺഗ്രസ്സിൻറെ ചവിട്ടും കുത്തുമേറ്റ് യു ഡി എഫിൽ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്നും ഇപി ജയരാജൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

‘കോൺഗ്രസ്സ് ലീഗിനെ അപമാനിക്കുകയാണ്. ഇനി നടക്കാനുള്ളത് അടി പരിഹാസ്യരായി തുടരണോയെന്ന് ലീഗ് ആലോചിക്കട്ടെ. കോൺഗ്രസ് നെറികനെതിരെ ലീഗ് അണികൾ ക്ഷുഭിതരാണ്. മുസ്ലിംലീഗിന് 60 വർഷമായി രണ്ട് സീറ്റാണ്. ലീഗിനെ പരിഗണിക്കേണ്ടതാണ്. കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണ് ലീഗിനെ ഒറ്റപ്പെടുത്തുന്നത്’, എന്നായിരുന്നു ഇപി ജയരാജൻ്റെ പ്രതികരണം.

1962ൽ കോൺ​ഗ്രസിൽ ചേരുന്ന സമയത്ത് മുസ്‍ലിം ലീഗിന് രണ്ടു സീറ്റുണ്ടായിരുന്നു. 2024 ആയി, ഇത്രയും കാലം ഈ രണ്ടു സീറ്റിൽ കഴിഞ്ഞുകൂടുന്നവർക്ക് സ്വാഭാവികമായും കൂടുതൽ സീറ്റിനു യോഗ്യതയുണ്ടോ അതോ ഇല്ലയോ എന്നായിരുന്നു ഇ പിയുടെ ചോദ്യം. അവർ പരിഗണിക്കപ്പെടേണ്ടവരാണോ എന്നത് ആ മുന്നണിയുടെയും ലീഗിന്റെയും പ്രശ്നമാണ്. ലീഗിനെ പരിഗണിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്. പത്തറുപതു വർഷമായി ഈ രണ്ടു സീറ്റുമായി നടക്കുന്നു. ആ പരിഹാസ്യത അവർ ചുമന്നുനടക്കണോയെന്ന് അവർത്തന്നെ ആലോചിക്കട്ടെേയെന്നും ഇപി പറഞ്ഞിരുന്നു. അതേസമയം എൽഡിഎഫ് ഒരു പാർട്ടിക്കായും വാതിൽ തുറന്നുകൊടുക്കാറില്ലെന്നും ജനങ്ങൾക്കായി ഞങ്ങളുടെ വാതിലുകൾ തുറന്നുവെച്ചിട്ടുണ്ടെന്നും ഇപി വ്യക്തമാക്കിയിരുന്നു. യഥാർത്ഥത്തിൽ ലീ​ഗിനെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് കോൺ​ഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ ഭാ​ഗമാണ്. ആർഎസ്എസ് അജണ്ടയുടെ ഭാ​ഗമാണ്. മുസ്‍ലിം ലീഗ് ചിന്തിച്ചാൽ അവർക്കു നല്ലത്. എന്തായാലും കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ മുന്നണി സുശക്തമാണ്. ഞങ്ങൾ ഒരു ടീമായി മുന്നോട്ടു കുതിക്കുകയാണ്. നിങ്ങളെല്ലാം കരുതുന്നതിനും അപ്പുറം വലിയ വിജയം നേടുമെന്നും ഇപി വ്യക്തമാക്കിയിരുന്നു