ലൈഫ് മിഷന്‍ അഴിമതി കേസ്: നാളെ ഹാജരാവാന്‍ ആവശ്യപ്പെട്ട് ശിവശങ്കറിന് സിബിഐ നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടിസ്. ചോദ്യംചെയ്യലിന് നാളെ ഹാജരാകണമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ആവശ്യം. രാവിലെ 10.30ന് സിബിഐ ഓഫിസിലെത്തണമെന്നാണ് നോട്ടിസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ ഇതാദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്റെ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ വിളിപ്പിച്ചിരിക്കുന്നത്.