ഫ്രാൻസിസ് ജോർജ് ജനങ്ങള്‍ക്കുള്ള നന്ദി സൂചകമായി ഭാഗ്യ ചിഹ്നമായ ഓട്ടോയില്‍ ആദ്യ ദിനം പാര്‍ലമെന്‍റിലേക്ക്

ന്യൂഡല്‍ഹി: ആദ്യദിനം പാര്‍ലമെന്റിലേക്ക് ഭാഗ്യ ചിഹ്നമായ ഓട്ടോയിലെത്തി കേരളാ കോൺഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എംപി.

വോട്ടര്‍മാര്‍ ‘ഓട്ടോറിക്ഷ’ ചിഹ്നത്തില്‍ വോട്ട് ചെയ്താണ് തന്നെ പാര്‍ലമെന്റിലേക്ക് അയച്ചത്.

ഇതിന്റെ നന്ദി സൂചകമായി കൂടിയാണ് ആദ്യദിനം ഓട്ടോറിക്ഷ തിരഞ്ഞെടുത്തതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

‘തന്റെ ചിഹ്നം ഓട്ടോറിക്ഷയായിരുന്നല്ലോ. ഓട്ടോറിക്ഷ ചിഹ്നത്തില്‍ വോട്ട് ചെയ്താണ് ജനങ്ങള്‍ എന്നെ പാര്‍ലമെന്റിലേക്ക് അയച്ചത്. ഓട്ടോറിക്ഷ ചിഹ്നത്തോടുള്ള ബഹുമാനാര്‍ത്ഥം ജനങ്ങള്‍ക്കുള്ള നന്ദി സൂചകമായി കൂടിയാണ് ഓട്ടോറിക്ഷയില്‍ എത്തിയത്.

ആദ്യത്തെ ദിവസം ജനകീയമാവട്ടെ എന്ന് കരുതി’, ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. എന്നും ഓട്ടോയിലാണോ പാര്‍ലമെന്റിലേക്ക് വരികയെന്ന ചോദ്യത്തോട്, ‘അങ്ങനെയല്ല. ആദ്യദിനമാണല്ലോ’യെന്നായിരുന്നു പ്രതികരണം.

ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. വന്യജീവികൾ ആക്രമിച്ചാൽ കയ്യും കെട്ടിയിരിക്കണമെന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമാണ്.

ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കും.

കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എംപിമാർ  ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്‍റെ കാലത്ത് സിപിഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കർ ആക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും യുഡിഎഫ് ആവർത്തിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

‘ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിക്കണം. ജനാധിപത്യം നിലനില്‍ക്കണമെന്ന ഉറച്ച സന്ദേശമാണ് സാധരണക്കാര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയത്. എന്തും ചെയ്യാമെന്ന രീതി നടക്കില്ല.

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഇല്ലാത്തിടത്ത് ജനാധിപത്യവും ഉണ്ടാവില്ല. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ഇന്‍ഡ്യ മുന്നണി പ്രവര്‍ത്തിക്കുന്നത്’, ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനെതിരെയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം.