ചരിത്രം കുറിച്ച്‌ കോലി, ഈ റെക്കോഡിലേക്കെത്തുന്ന ആദ്യ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ ചരിത്ര നേട്ടം കുറിച്ച്‌ ആര്‍സിബിയുടെ വിരാട് കോലി.

ഐപിഎല്ലില്‍ 6500 റണ്‍സ് പിന്നിടുന്ന ആദ്യത്തെ താരമെന്ന നേട്ടമാണ് കോലി സ്വന്തം പേരിലാക്കിയത്. ഇത്തവണ മോശം ഫോമിലായിരുന്നിട്ടും റണ്‍വേട്ടക്കാരിലെ ഒന്നാമനെന്ന കോലിയുടെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. പഞ്ചാബിനെതിരേ 14 പന്തില്‍ 20 റണ്‍സാണ് കോലി നേടിയത്. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ നേടി മികച്ച ഫോമിലായിരുന്നു കോലിയെങ്കിലും കഗിസോ റബാഡക്ക് മുന്നില്‍ പുറത്താവുകയായിരുന്നു.

വിരാട് കോലി ഏറ്റവും നിരാശപ്പെടുത്തിയ സീസണുകളിലൊന്നായാണ് 15ാം സീസണ്‍ കടന്ന് പോകുന്നത്. 2008ല്‍ 15 ആയിരുന്നു കോലിയുടെ ബാറ്റിങ് ശരാശരി. അതിന് ശേഷമുള്ള കോലിയുടെ ഏറ്റവും മോശം ബാറ്റിങ് ശരാശരി ഇത്തവണത്തേതാണ്. ഇതുവരെയുള്ള പ്രകടനം അനുസരിച്ച്‌ 19.67 ആണ് കോലിയുടെ ശരാശരി. 2009ല്‍ 22.36 ആയിരുന്നു കോലിയുടെ ശരാശരി. 2014ല്‍ 27.62 ആയിരുന്നു. ഒട്ടുമിക്ക സീസണിലും കോലിക്ക് മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാം. 2016ല്‍ ഒരു സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിരുന്നു.

ഇത്തവണ മൂന്ന് ഗോള്‍ഡന്‍ ഡെക്കടക്കം വലിയ നാണക്കേടാണ് കോലിക്ക് നേരിടേണ്ടി വന്നത്. 13 മത്സരത്തില്‍ നിന്ന് 216 റണ്‍സാണ് കോലി നേടിയത്. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 20 ഫോറും നാല് സിക്‌സുമാണ് അദ്ദേഹത്തിന് ആകെ നേടാനായത്. 111.34 മാത്രമാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ് എന്നതാണ് എടുത്തു പറയേണ്ടത്. കോലിയുടെ ഗംഭീര തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനായിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിക്ക് പഴയ മികവിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല.

മത്സരത്തിലെ മറ്റ് ചില പ്രധാന കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍സിബിക്കായി ഏറ്റവും റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേട് ഇപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലടക്കം തിളങ്ങി നില്‍ക്കുന്ന സ്റ്റാര്‍ പേസര്‍ക്കെതിരേ നാല് ഓവറില്‍ 64 റണ്‍സാണ് പഞ്ചാബ് താരങ്ങള്‍ അടിച്ചെടുത്തത്. ജോണി ബെയര്‍‌സ്റ്റോയാണ് അദ്ദേഹത്തെ കൂടുതല്‍ പ്രഹരിച്ചത്. ആദ്യ ഓവറില്‍ത്തന്നെ 22 റണ്‍സടിച്ചാണ് വരവേറ്റത്.

മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ജോണി ബെയര്‍സ്‌റ്റോ കാഴ്ചവെച്ചത്. 29 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. പവര്‍പ്ലേയിലാണ് അദ്ദേഹം ഏഴ് സിക്‌സും പറത്തിയത്. ഇതോടെ ഒരു മത്സരത്തിന്റെ പവര്‍പ്ലേയില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ സനത് ജയസൂര്യക്കൊപ്പം തലപ്പത്തേക്കെത്താനും ബെയര്‍‌സ്റ്റോക്കായി

Leave a Reply