Kerala

വിഭൂതി തിരുനാൾ ആചരിച്ച് വിശ്വാസികൾ വലിയ നോമ്പിലേക്ക്

അനുതാപത്തിന്റെ ചാരം പൂശി വിശ്വാസികൾ; തുടങ്ങനാട് ഫൊറോന പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു. ക്രൈസ്തവ ലോകം അൻപതു നോമ്പിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി തുടങ്ങനാട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ വിഭൂതി തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. പശ്ചാത്താപത്തിന്റെയും പ്രാർത്ഥനയുടെയും പുണ്യകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന വിഭൂതി തിരുകർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും വിഭൂതി തിരുകർമ്മങ്ങൾക്കും വികാരി വെരി. റവ. ഫാ. ജോൺസൺ പുള്ളീറ്റ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ജെയിംസ് ആണ്ടാശേരി, ഫാ. ജോബിൻ എം.എസ്.ജെ എന്നിവർ സഹകാർമ്മികരായിരുന്നു.
വിശ്വാസത്തിന്റെ ഭാഗമായി, പശ്ചാത്താപത്തിന്റെ അടയാളമായി വിശ്വാസികളുടെ നെറ്റിയിൽ വൈദികർ നെറ്റിയിൽ ചാരം കൊണ്ട് കുരിശ് ചാർത്തി. “മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും” എന്ന വചനമുരുവിട്ടുകൊണ്ട് ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ നടന്നത്. ഈസ്റ്റർ വരെയുള്ള 50 ദിവസത്തെ നോമ്പാചരണത്തിലൂടെ ആത്മീയ നവീകരണത്തിനുള്ള ഒരുക്കത്തിലാണ് ഇനി വിശ്വാസികൾ.