വന്യജീവി ആക്രമണം,
സർക്കാർ നിരുത്തരവാദ നിലപാടിൽ:
പി.ജെ ജോസഫ്
തൊടുപുഴ :
വന്യജീവി ആക്രമണ വിഷയത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാണിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും നാൾക്കുനാൾ ഭീഷണി വർദ്ദിച്ചുവരുകയാണ്.ഓരോ ദുരന്തത്തിനു ശേഷമുള്ള താല്‍ക്കാലിക തീരുമാനങ്ങള്‍ക്കപ്പുറത്ത് ഇനിയും മനുഷ്യന്‍ ജീവന്‍ വച്ച് പന്താടാതെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മൃഗങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ നിയമങ്ങളുണ്ടെങ്കിലും മനുഷ്യനെ സംരക്ഷിക്കാന്‍ നടപടിയില്ലെന്ന പരാതി നിയമസഭയില്‍ ഉള്‍പ്പെടെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. സർക്കാർ കാട്ടുന്ന നിസംഗത അപകടകരമാണെന്നും യു ഡിഎഫ് നേതൃത്വത്തിൽ നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത് വണ്ണപ്പുറത്ത് നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി പാക്കേജില്‍ കോടികളുണ്ടെന്നു പറയുന്നല്ലാതെ ജനങ്ങള്‍ക്ക് പ്രയോജനകരമായ സംരക്ഷണ വേലികൾ നിർമ്മിക്കാനെങ്കിലും സർക്കാർ തയ്യാറാകണം. ഉപാധി രഹിത പട്ടയം, സി എച്ച് ആര്‍ മേഖലയിലെ കോടതി സ്റ്റേ ഒഴിവാക്കൽ, ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കൽ , നേര്യമംഗലം – വാളറ റോഡ് നിർമ്മാണ തടസ്സം നീക്കുന്ന വിഷയത്തിലും സർക്കാർ നിസംഗത തുടരുകയാണെന്നും പി.ജെ.ജോസഫ് കുറ്റപ്പെടുത്തി.
ഐക്യ ജനാധിപത്യ മുന്നണി വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് പി എം ഇല്യാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍, വൈസ്.പ്രസിഡന്റ്റോയി കെ പൗലോസ്, കെ എം എ ഷുക്കൂര്‍, അപു ജോണ്‍ ജോസഫ്, പ്രൊഫ. ഷീലാ സ്റ്റീഫൻ , എം മോനിച്ചന്‍, സാബിറ ജലീൽ , സുരേഷ് ബാബു, നിഷാ സോമന്‍, റ്റി എസ് ഷംസുദ്ദീന്‍, എന്‍ ഐ ബെന്നി, ബ്ലെയിസ് ജി വാഴയില്‍, എ.എം ഹാരിദ്, അനിൽ പയ്യാനിക്കൽ, ഇന്ദു സുധാകരന്‍, സണ്ണി കളപ്പുര, ഷൈനി റെജി, മനോജ് കോക്കാട്ട്, സജി പി ജോസ്, അഡ്വ. സിറിയക് കല്ലിടുക്കില്‍, എം ടി ജോണി, ബേബി വട്ടക്കുന്നേല്‍, ഷാഹുല്‍ ഹമീദ്, ജിജോ ജോസഫ്, അഡ്വ. ആല്‍ബര്‍ട്ട് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
