ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ എല്ലാ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി.
ആധാറുമായി തണ്ടപ്പേര്‍ ബന്ധിപ്പിക്കുന്നതു വഴി ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാവും. ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഭൂവുടമയുടെ സമ്മതത്തോടെതന്നെ ആധാറുമായി ബന്ധിപ്പിക്കും. അങ്ങനെ ഭൂമി സംബന്ധമായ സേവനങ്ങള്‍ സുഗമവുംസുതാര്യവുമായി ലഭ്യമാക്കാനാണ് ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ സംവിധാനം നടപ്പാകുന്നതോടെ ഉണ്ടാകുന്ന നേട്ടങ്ങള്‍ അനവധിയാണ്. ഒരു പൗരന് ഒരു തണ്ടപ്പേര്‍ എന്ന നില വരുന്നതോടെ കൃത്രിമം, ഇരട്ടിപ്പ് തുടങ്ങിയതൊന്നും ഉണ്ടാവുന്നില്ല എന്നുറപ്പുവരുത്താൻ കഴിയും. ഒരു ഭൂവുടമയ്ക്ക് സംസ്ഥാനത്തെ ഏതു വില്ലേജില്‍ നിന്നും ഭൂമിയുടെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും വിവരങ്ങള്‍ ഒറ്റ തണ്ടപ്പേര്‍ നമ്പരില്‍ ലഭ്യമാകും. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പരിധിയില്‍ കവിഞ്ഞ ഭൂമി ഒരു വ്യക്തിയുടെ കൈവശമുണ്ടെങ്കില്‍ അതു തിരിച്ചറിയാനും മിച്ചഭൂമി കണ്ടെത്തി ഏറ്റെടുക്കാനും അത് ഭൂരഹിതര്‍ക്കു നിയമാനുസൃതം പതിച്ചുനല്‍കാനും സഹായകരമാകും. ഭൂരേഖകള്‍ കൃത്യവും സുരക്ഷിതവും ആണെന്നുറപ്പുവരുത്താനും സഹായിക്കും.
യുണീക് തണ്ടപ്പേര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, മറ്റ് കാര്‍ഷിക സബ്സിഡികള്‍ എന്നിവ ലഭിക്കുന്നതിനു വലിയ തടസ്സങ്ങള്‍ ഇല്ലാത്ത നിലവരും. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളും നികുതി രസീതുകളും ഡിജിലോക്കറില്‍ സൂക്ഷിക്കാനും യുണീക് തണ്ടപ്പേര്‍ സംവിധാനം ഉപകരിക്കും. അതായത്, ഭൂമിയുടെ ഉപയോഗവും ക്രയവിക്രയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭൂരിഭാഗം തടസ്സങ്ങളും നീക്കുന്നതിനും കൂടുതല്‍ സുതാര്യത കൈവരിക്കുന്നതിനും യുണീക് തണ്ടപ്പേര്‍ സംവിധാനം ഉപകരിക്കും.