“രാജ്യം രക്ഷിക്കാം, ചെലവ് കുറക്കാം”: ജനങ്ങളോട് പ്രധാനമന്ത്രിയുടെ പ്രത്യേക ആഹ്വാനം
ആഗോള സംഘർഷങ്ങളും പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും ലോക സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി ഇന്ന് പ്രത്യേക ആഹ്വാനം നടത്തി. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിൽ നിന്ന് അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതുവരെ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കണം, കാർപൂളിംഗ് പ്രോത്സാഹിപ്പിക്കണം, ചരക്ക് ഗതാഗതത്തിന് റെയിൽവേയ്ക്ക് മുൻഗണന നൽകണം എന്നും പ്രധാനമന്ത്രി നിർദേശിച്ചു. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് ഫലപ്രദമായി നടപ്പാക്കിയ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ, വെർച്വൽ കോൺഫറൻസുകൾ എന്നിവ വീണ്ടും കൂടുതൽ പ്രായോഗികമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ യാത്രകളും ആഡംബര വിവാഹച്ചെലവുകളും നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ വിദേശനാണയ ശേഖരം സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്യാവശ്യവല്ലാത്ത സ്വർണവാങ്ങലുകൾ ഒരു വർഷത്തേക്ക് ഒഴിവാക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഭക്ഷ്യഎണ്ണ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും വ്യക്തികളുടെ ആരോഗ്യത്തിനും ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘മേക്ക് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾക്കും പ്രാദേശിക നിർമ്മിത വസ്തുക്കൾക്കും കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, കാർഷിക മേഖലയിലെ രാസവള ഉപയോഗം കുറച്ച് സൗരോർജ അധിഷ്ഠിത സംവിധാനങ്ങളിലേക്ക് മാറാനും കർഷകരോട് നിർദേശിച്ചു.
പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് ആഗോള എണ്ണവിപണിയിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം.

