ജോസ് കെ മാണിക്കും ജയരാജിനുമെതിരെ രൂക്ഷ വിമർശനം , ജില്ലാ കമ്മിറ്റിയടക്കം രാജിവയ്ക്കമെന്ന് നേത്യ യോഗത്തിൽ ആവശ്യം
കാഞ്ഞിരപ്പള്ളി : കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേത്യയോഗത്തിൽ നേതൃത്വത്തിനെതിരെ പൊങ്കാല. കാഞ്ഞിരപ്പള്ളി സീറ്റ് നഷ്‌ടമായതിന് കാരണക്കാർ ജയരാജെന്ന സൂര്യനും ചുറ്റുമുള്ള ഗ്രഹങ്ങളുമാണന്ന് രൂക്ഷ വിമർശനം. ജയരാജിന് സ്വാധീനമുള്ള പഞ്ചായതുകളിൽ പുറകിൽ പോയതാണ് പരാജയ കാരണം. തിരഞ്ഞെടുപ്പിൽ പ്രചരണ സാമഗ്രികളിൽ വരെ കുറവുണ്ടായെന്നും എല്ലാ പ്രാവശ്യത്തെയും പോലെ ജയിച്ചു പോരാമെന്നായിരുന്നു ജയരാജ് കരുതിയതെന്നും സ്വന്തം പഞ്ചായത്ത് പോലും ശ്രദ്ധിച്ചില്ലെന്നും ആക്ഷേപം ഉയർന്നു.
വികസനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ എം എൽ എ എന്ന നിലയിൽ ജയരാജ് പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു . തിരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പെടെ മികച്ച പ്രവർത്തനം നടത്തിയിട്ടും വിജയിക്കാമായിരുന്ന സീറ്റിൽ പരാജയപ്പെട്ടത് ചുറ്റും കൂടിയ ഉപജാപക സംഘമാണന്നും യോഗം വിലയിരുത്തി. ഇത്തിൾക്കണ്ണി പോലെ കൂടെ കൂടിയ ചിലർ ജയരാജിനെ ഹൈജാക്ക് ചെയ്തെന്നും യോഗം കുറ്റപ്പെടുത്തി. ഭരണത്തിലേറിയ അഞ്ചു വർഷം നേത്യത്വം പാർട്ടിയെയും പ്രവർത്തകരെയും മറന്നെന്നും സംഘടനെ യെ ചലിപ്പിച്ചില്ലെന്നും യോഗം വിലയിരുത്തി. യോഗാരാംഭത്തിൽ തന്നെ തന്നെയുൾപ്പെടെ വിമർശിക്കാമെന്ന ചെയർമാൻ ജോസ് കെ മാണിയുടെ വാക്കുകളിൽ നിന്ന് ഉൾക്കൊണ്ട് പ്രതിനിധികൾ വിമർശനങ്ങൾ അഴിച്ചു വിട്ടപ്പോൾ കേരളാ കോൺഗ്രസ് പാർട്ടി പ്രതിനിധികൾക്കത് പുതുമയായി. ഇപ്പോൾ തള്ളിപ്പറയുന്നവർ നാളെകളിൽ നമ്മെ അംഗീകരിക്കുമെന്നും പ്രത്യേക രാഷ്‌ടീയ കാലാവസ്ഥയിൽ ഇടതുപക്ഷത്തിന് പരാജയം വന്നെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2029 ആകുമ്പോൾ നമ്മൾ ഒരു ശക്തിയായി വരുമെന്ന് ഞാൻ ഉറപ്പു പറയുന്നതെന്നും കൂട്ടിച്ചേർത്തു.

