ലോക്സഭ: അവകാശ ലംഘന നോട്ടിസുമായി കോൺഗ്രസ്
സോണിയ ഗാന്ധിയോട് കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും അപമര്യാദയായി പെരുമാറിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്കു കോൺഗ്രസ് നോട്ടിസ് നൽകി. സംഭവം അവകാശലംഘന സമിതി അന്വേഷിക്കണമെന്നാണ് ആവശ്യം.
രാവിലെ സഭ തുടങ്ങുമ്പോൾ പേരു വിളിക്കുംമുൻപേ സ്മൃതി ഇറാനി കോൺഗ്രസിനെയും സോണിയയെയും വിമർശിച്ചു പ്രസംഗിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും സഭ ഒരു പക്ഷത്തിനുവേണ്ടി മാത്രമല്ലെന്നും സോണിയ, അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സ്പീക്കറുടെ ചേംബറിലെത്തി പരാതിപ്പെട്ടിരുന്നു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ആ സമയം ചേംബറിലുണ്ടായിരുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ചർച്ചയല്ല, ജനാധിപത്യപരമായ സമീപനമാണു വേണ്ടതെന്നായിരുന്നു സോണിയയുടെ മറുപടി.
അതേസമയം, മകൾക്കെതിരെ ഗോവയിലെ ബാർ വിഷയം ഉന്നയിച്ചതിന്റെ അസ്വസ്ഥതയാണ് സ്മൃതി ഇറാനി പ്രകടിപ്പിച്ചതെന്നു കോൺഗ്രസിലെ ഗൗരവ് ഗൊഗോയി പറഞ്ഞു. 75 വയസ്സുള്ള മുതിർന്ന വനിതാ നേതാവിനെ ചെന്നായ്ക്കളെപ്പോലെ വളയുന്നതാണു ലോക്സഭയിൽ കണ്ടതെന്നു തൃണമൂൽ എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. മഹുവ, മറ്റൊരു തൃണമൂൽ എംപി അപരൂപ പൊദ്ദാർ, എൻസിപിയുടെ സുപ്രിയ സുളെ, മുഹമ്മദ് ഫൈസൽ എന്നിവരാണു സഭയിൽനിന്നു സോണിയയെ പുറത്തേക്കു കൊണ്ടുപോയത്.