ആവശ്യമെങ്കിൽ ‘യോഗി മോഡൽ’ നടപ്പാക്കും; മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു (32) വെട്ടേറ്റു മരിച്ച സംഭവത്തിൽ അക്രമികൾക്കു മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും തടയാൻ ഉത്തർപ്രദേശിലെ ‘യോഗി മോഡൽ’ കർണാടകയിലും നടപ്പാക്കാൻ മടിക്കില്ലെന്നു ബൊമ്മ മുന്നറിയിപ്പു നൽകി. പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായി കർണാടകയിലെ ബിജെപി എംഎൽഎ എംപി രേണുകാചാര്യ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആവശ്യമെങ്കിൽ ‘യോഗി മോഡൽ’ സ്വീകരിക്കുമെന്ന് ബൊമ്മ മുന്നറിയിപ്പു നൽകിയത്.

‘ഉത്തർപ്രദേശിൽ ഇത്തരം സാഹചര്യങ്ങൾ തക്കതായ രീതിയിൽ കൈകാര്യം ചെയ്ത മുഖ്യമന്ത്രിയാണു യോഗി ആദിത്യനാഥ്’ – യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ സംസ്ഥാനത്ത് നടക്കുന്ന വ്യാപക പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.