സിൽവർലൈൻ സാമൂഹികാഘാത പഠനം: പുതിയ വിജ്ഞാപനം വൈകും
സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇതു പൂർത്തിയാക്കുന്നതിനു പുതിയ വിജ്ഞാപനമിറക്കാൻ വൈകും. മുഴുവൻ ജില്ലകളിലെയും തൽസ്ഥിതി ലഭിച്ചശേഷം നിയമോപദേശം തേടേണ്ടിവരുമെന്നു റവന്യു വകുപ്പ് വ്യക്തമാക്കി. റവന്യു സെക്രട്ടറി ലാൻഡ് റവന്യു കമ്മിഷണർക്കും ജില്ലാ കലക്ടർമാർക്കും കത്തയച്ചിട്ട് മൂന്നാഴ്ചയായെങ്കിലും എല്ലായിടത്തുനിന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള 6 മാസത്തെ കാലാവധി പൂർത്തിയായ സ്ഥിതിക്ക് ഏജൻസികൾക്കു സമയം നീട്ടി നൽകണമെന്നാണു കെ റെയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇതിനുള്ള വകുപ്പ് 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിൽ ഇല്ല. ഒരു ഏജൻസി 6 മാസത്തിനകം പഠനം പൂർത്തിയാക്കിയില്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കി പുതിയത് ഇറക്കണമെന്നാണ് വ്യവസ്ഥ. പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഇതേ ഏജൻസികളെത്തന്നെ ചുമതലപ്പെടുത്താനാകും.
പുതിയ വിജ്ഞാപനമിറക്കാനും പഠനം പൂർത്തിയാക്കാനും തന്നെയാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പദ്ധതി കടന്നുപോകുന്ന 9 ജില്ലകളിലെ ഏജൻസികളുടെ കാലാവധി തീർന്നു. മലപ്പുറം, തൃശൂർ ജില്ലകളിലെ സമയം നാളെ തീരും.