ആദ്യ പോരാട്ടത്തില്‍ ഖത്തറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിന് ജയം

ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആദ്യ പോരാട്ടത്തില്‍ ഖത്തറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിന് ജയം. 16-ാം മിനുട്ടില്‍ ഇക്വഡോര്‍ ക്യാപ്റ്റന്‍ എനര്‍ വലന്‍സിയയാണ് 2022 ഫുട്‌ബോള്‍ മാമാങ്കത്തിലെ ആദ്യ ഗോള്‍ നേടിയത്. വലന്‍സിയയെ ബോക്‌സില്‍ വീഴ്ത്തിയ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബിന്റെ നടപടിക്ക് കിട്ടിയ പെനാല്‍റ്റി താരം കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. അധിക താമസമില്ലാതെ തന്നെ രണ്ടാം ഗോളും പിറന്നു. ഇത്തവണയും ഗോള്‍ പിറന്നത് വലന്‍സിയയുടെ കാലില്‍ നിന്ന് തന്നെ. 31-ാം മിനുട്ടില്‍ കിട്ടിയ അവസരം ഖത്തര്‍ പ്രതിരോധനിരയെ കാഴ്ച്ചക്കാരാക്കി വലന്‍സിയ വലയിലെത്തിച്ചു. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ താരം വലകുലുക്കിയിരുന്നെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു. താരം ഓഫ് സൈഡ് പൊസിഷനിലായിരുന്നു എന്നതായിരുന്നു കാരണം.
വര്‍ണാഭമായ ആഘോഷ പരിപാടികളോടെയായിരുന്നു ലോകകപ്പിനെ ഖത്തര്‍ വരവേറ്റത്. തിങ്ങിനിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ഇന്ത്യന്‍ സമയം രാത്രി 9:30 നാണ് കാല്‍പ്പന്ത് ആവേശത്തിന് വിസില്‍ മുഴങ്ങിയത്. മികച്ച കളിയാണ് ഇക്വഡോര്‍ മത്സരത്തിലുടനീളം കാഴ്ച്ചവെച്ചത്. ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തില്‍ നാളെ ഇംഗ്ലണ്ട് ഇറാനെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 6:30 നാണ് മത്സരം. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡസ് സെനഗല്‍ പോരാട്ടമാണ്. രാത്രി 9:30 നാണ് മത്സരം.