IPL മുംബൈയെ വീഴ്ത്തി ഹൈദരാബാദ്
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. മൂന്ന് റണ്ണിനായിരുന്നു ഹൈദരാബാദിന്‍റെ ജയം.
സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 193-6, മുംബൈ 20 ഓവറിൽ 190-7. ഹൈദരാബാദ് ഉയർത്തിയ 194 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ രോഹിത് ശർമയും (36 പന്തിൽ 48) ഇഷാൻ കിഷനും (34 പന്തിൽ 43) ഒരുക്കിയത്. 95 റണ്‍സാണ് ഇരുവരും ചേർന്ന് നേടിയത്. ഡാനിയേൽ സാംസും (15) തിലക് വർമയും (8) നിരാശപ്പെടുത്തിയെങ്കിലും ടിം ഡേവിഡ് തകർത്തടിച്ചു. 18 പന്തിൽ 46 റണ്‍സെടുത്ത ഡേവിഡ് റണ്‍ ഔട്ടാകുകയായിരുന്നു. രമണ്‍ദീപ് സിംഗ് ആറ് പന്തിൽ 14 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയപ്പിക്കാനായില്ല.
മൂന്ന് ഓവറിൽ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ മാലിക്കാണ് മുംബൈയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് പ്രിയം ഗാർഗിന്റെയും രാഹുൽ ത്രിപാഠിയുടെയും മിന്നും പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്. പ്രിയം ഗാർഗ് 26 പന്തിൽ 42 റണ്‍സെടുത്തപ്പോൾ രാഹുൽ 44 പന്തിൽ 76 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും ചേർന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. നിക്കോളാസ് പൂരൻ 22 പന്തിൽ 38 റണ്‍സും നേടി. മുംബൈയ്ക്കായി രമണ്‍ദീപ് സിംഗ് മൂന്ന് ഓവറിൽ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡാനിയൽ സാംസ്, റിലേ മെറിഡിത്ത്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.