അദാനിക്കെതിരെ കേന്ദ്ര അന്വേഷണം; സാമ്പത്തിക രേഖകള്‍ പരിശോധിക്കും
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കും. കമ്പനികാര്യമന്ത്രാലയം പ്രാഥമിക പരിശോധന നടത്തും. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിശദാംശങ്ങളും പരിശോധിക്കും. ഇന്ത്യൻ കമ്പനീസ് ആക്ടിന്റെ സെക്ഷൻ 206 പ്രകാരമായിരിക്കും അന്വേഷണമെന്നും കഴിഞ്ഞ വർഷങ്ങളിലായി സർക്കാരിൽ സമർപ്പിച്ചിട്ടുള്ള എല്ലാ ഡോക്യുമെന്റുകളും അന്വേഷണവിധേയമാക്കുമെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി രണ്ടിന് പരിശോധനകൾ ആരംഭിച്ചതായാണ് വിവരം. സർക്കാരിൽ സമർപ്പിച്ചിട്ടുള്ള അക്കൗണ്ട് ബുക്കുകൾ, ബാലൻസ് ഷീറ്റുകൾ, കടപ്പത്രങ്ങൾ എന്നിങ്ങനെയുള്ള സാമ്പത്തിക രേഖകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുന്നത്.
ഡയറക്ടർ ജനറൽ ഓഫ് കോർപറേറ്റ് അഫേഴേസ് അന്വേഷണം ആരംഭിച്ചെന്നും കേന്ദ്ര മന്ത്രാലയം ഇത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സംഭവത്തെ കുറിച്ച് അറിയാവുന്ന കേന്ദ്ര ഉദ്യോഗസ്ഥൻ വിശദീകരിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തത്. അദാനി ഗ്രൂപ്പിന്റെ കോർപറേറ്റ് ഭരണരീതികളെ കുറിച്ചും അന്വേഷണമുണ്ടാകുമെന്നും അറിയിച്ചു. അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികൾ നടത്തിയ മീറ്റിങ്ങുകളുടെ മിനിട്സ് അടക്കമുള്ള നിർണായക രേഖകൾ പരിശോധിക്കാനും സെക്ഷൻ 206 നിയമസാധുത നൽകുന്നുണ്ട്.