കൊച്ചു കൊമ്പന്റെ ചിഹ്നം വിളി:പേടിച്ച് വിറച്ച് യാത്രികർ.
എം മോനിച്ചൻ എഴുതുന്നു
തൊടുപുഴ:
ശക്തമായ കാലവർഷമഴയും കാറ്റുമായിരുന്നു ഇന്നലെ രാത്രി 8 മണിക്ക് ശേഷം ഇടുക്കിയിൽ നിന്നും തൊടുപുഴയിലേക്ക് ഞങ്ങൾ വന്നപ്പോൾ .
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ്: പ്രസിഡന്റുമായ അഡ്വ. എബി തോമസിന്റെ രണ്ടാമത്തെ മകൾ അമേയ മോളുടെ ആദ്യ കുർബാന ചടങ്ങും എബിയുടെ വീടിന്റെ കയറിത്താമസ ചടങ്ങിലും പങ്കെടുത്ത് മടങ്ങിവരുകയായിരുന്നു യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവേലും ജില്ലാ ഓഫീസ്ചാർജ്ജ് ജനറൽ സെക്രട്ടറി ജെയ്സ് ജോൺ താനത്തു പറമ്പിലും തൊടുപുഴ MLA ഓഫീസ് സെക്രട്ടറി ഷാജി അറയ്ക്കലും ഞാനും .
പൈനാവും കുയിലിമലയും കഴിഞ്ഞ് മീമുട്ടി അടുക്കാറായപ്പോൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ റോഡിൽ കുറുകെ വീണ് കിടന്ന മരം മുറിച്ചു മാറ്റുകയായിരുന്നു. നാലഞ്ച് വാഹനങ്ങൾക്ക് പിന്നിലായിരുന്നു ഞങ്ങളുടെ വാഹനം.
മരം മുറിച്ചു മാറ്റുന്നതിനിടയിൽ എതിർ ദിശയിൽ ഇടുക്കിക്ക് വന്ന വാഹനത്തിലുള്ളവർ റോഡിൽ കൊമ്പനാന നിൽപ്പുണ്ടെന്ന് ഫയർഫോഴ്സ് അധികൃതരെ അറിയിച്ചു. ശക്തമായ മഴയും കാറ്റും തുടർന്നുകൊണ്ടിരുന്നതിനാൽഫയർഫോഴ്സ് ഉദ്യോഗസ്ഥർ കടത്തിവിടുന്ന വാഹനത്തിനടുത്ത് വന്ന് കൊമ്പനാന റോഡിൽ നില്പുണ്ടെന്നും അടുത്ത വളവ് കഴിഞ്ഞുള്ള കയറ്റത്തിലാലെന്നും സൂചന നൽകി.
എന്നാൽ വനം വകുപ്പ് കാരെ യാത്രക്കാരുടെ സഹായത്തിന് റോഡിലെവിടെയും കണ്ടില്ലെന്നത് വിചിത്രമായി തോന്നിയ നിമിഷങ്ങൾ.
500 മീറ്ററിലധികം സഞ്ചരിച്ച് മീമുട്ടി ചെക്ക് ഡാമിന് സമീപമെത്താറായപ്പോൾ റോഡിന് ഇടതുവശത്ത് ആന നിലയുറപ്പിച്ചത് കാണാൻ കഴിഞ്ഞു. അതേസമയം ഇടുക്കിക്ക് വന്ന വാഹനം ആനയ്ക്കൊപ്പം കടന്നുവരികയും ഞങ്ങൾ വളവ് നിവർന്ന് ആന നിന്ന നേരെ ചെന്നതിനാലും വാഹനത്തിന്റെ ലൈറ്റ് അസ്വസ്ഥമായതിനാലുമാവണം, മഴയേയും കാറ്റിനെയും പേടിച്ച് റോഡിൽ കയറിയ ആന കൂടുതൽ പേടിച്ചതായി തോന്നി. എല്ലാം ഒരു നിമിഷത്തിലെന്നപോലെ ഉച്ചത്തിൽ ചിഹ്നം വിളിച്ച് കാട്ടു കൊമ്പൻ ഞങ്ങളുടെ കാറിനു നേരെ…..
എതിരെ വന്ന വാഹനം കടന്നുപോവുകയും പൊടുന്നനെ വാഹനമോടിചിരുന്ന ക്ലമന്റ് വലത്തുവശത്തേക്ക് വെട്ടിച്ച്, റോഡിലേക്ക് കയറിയ ആനയെ തട്ടാതെ മുന്നോട്ട് കുതിച്ചു പാഞ്ഞത് ഓർമ്മ മാത്രം……
തീർന്നില്ല പ്രശ്നം, എതിരെ വന്നു കടന്നുപോയ വാഹനത്തിന് സ്വല്പം പിന്നിലായി ഒരു ബൈക്കിൽ രണ്ട് യുവാക്കൾ വന്നത് ഞങ്ങളുടെ വാഹനത്തിന് തൊട്ടു മുന്നിൽ വച്ച് റോഡിന് വട്ടം വെട്ടിച് വളച്ചു കൊണ്ട് വന്ന വശത്തേക്ക് തന്നെ തിരിച്ചു. വീണ്ടും ക്ലമന്റിന്റെ ധീരമായ ഡ്രൈവിങ്ങും മനസു പതറാത്ത സാന്നിദ്ധ്യവും ബൈക്ക് യാത്രികരെ ഇടിക്കാതെ റോഡിൽ വെട്ടിച്ച് മുന്നോട്ട് എടുത്തു.
കുറച്ചു ദൂരം ബൈക്ക് യാത്രികർ ഞങ്ങളുടെ പിന്നാലെ സുരക്ഷിതമായി വരുകയും ഇടുക്കിയിലേക്ക് പോയ വലിയ ട്രാവലർ വണ്ടിക്ക് പിന്നിലായി വീണ്ടും തിരിച്ച് അവർ ഇടുക്കിക്ക് മടങ്ങി.
ആനയുണ്ടെന്ന മുന്നറിയിപ്പിൽ സൈഡ് സീറ്റുകളിലിരുന്ന എന്റെ മൊബൈൽ ഫോണും ജെയിസിന്റെ മൊബൈൽ ഫോണും ക്യാമറ ഓൺ ചെയ്ത് ഞങ്ങൾ പിടിച്ചിരുന്നു.
എന്നാൽ ആനയെ ഇടിക്കാതെയും കടന്നുപോയ വാഹനത്തെ ഇടിക്കാതെയും മനസുറപ്പിൽ വണ്ടി വെട്ടിച്ച് തിരിച്ചപ്പോൾ ഞാനും ജെയ്സും വലതു വശത്തേക്ക് തെറിച്ചപ്പോൾ കൈയ്യിലിരുന്ന ഫോണുകൾ തെറിച്ചു വാഹനത്തിൽ വീണു പോയതിനാൽ ഈ രംഗം പകർത്താൻ ആർക്കും കഴിയുമായിരുന്നില്ലാ.
മഴയിലും കാറ്റിലും ഭയപ്പാടോടെ കാട്ടാനകൾ റോഡിലേക്ക് കയറാറുണ്ടെങ്കിലും രണ്ട് ദിശകളിലേക്ക് ഒരുപോലെ വാഹനം കടന്നുവന്ന രംഗത്തിൽ ആന ചിഹ്നം വിളിച്ച് അടുത്ത് വന്ന ഞങ്ങളുടെ വാഹനത്തിനും നേരെ പാഞ്ഞടുത്ത ഭീതികരമായ രംഗവും മാത്രമായിരുന്നു തുടർന്നുള്ള ഞങ്ങളുടെ യാത്രയെ ത്രസിപ്പിച്ചതും രസിപ്പിച്ചതും…..
“ഒരു ഫോട്ടോയും വാർത്തയും” നഷ്ടമായല്ലോ എന്ന രസിക കഥയിൽ വീടെത്തി…..