രണ്ടാം നൂറ് ദിനപരിപാടിയില്‍ 20,808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് 17 ന്

സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ 20,808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് 17 ന് നടത്തുന്നു . തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ശ്രീ. അമിറുദ്ദീന്റേയും ശ്രീമതി ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോല്‍ദാനം നടത്തും. സര്‍ക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി നേരത്തെ 12,000 ലൈഫ് ഭവനങ്ങള്‍ പൂര്‍ത്തിയാക്കി താക്കോല്‍ദാനം നിര്‍വഹിച്ചിരുന്നു. ഇതോടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ 6 വർഷം കൊണ്ട് കേരളത്തിൽ ലൈഫ് പദ്ധതിയിലൂടെ പണിതുയർത്തിയത് 2,95,006 വീടുകളാണ്. 34,374 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. കൂടാതെ 27 ഭവന സമുച്ചയങ്ങളും നിര്‍മ്മാണത്തിലുണ്ട്.
ഭൂരഹിത- ഭവന രഹിതര്‍ക്കായി ഭൂമി കണ്ടെത്താന്‍ “മനസ്സോടിത്തിരി മണ്ണ്” എന്ന ക്യാമ്പയിന്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് അവസാന വാരം തുടക്കം കുറിച്ച ഈ പരിപാടിയിലൂടെ ഇതിനകം 1712.56 സെന്റ് സ്ഥലം ലഭിച്ചു. 35 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 41 ഇടങ്ങളിലാണ് ഈ സ്ഥലങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെ 1000 പേര്‍ക്ക് ഭൂമി നല്‍കാനായി 25 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പും ലഭ്യമായിട്ടുണ്ട്.