Kerala

അന്തീനാട്ടിൽ രാത്രിയുടെ മറവിൽ വീണ്ടും ടാങ്കറിൽ മാലിന്യം തള്ളി: പ്രതിഷേധം ശക്തമാക്കി നാട്ടുകാർ, സിസിടിവി പരിശോധനയിൽ പോലീസ്

അന്തീനാട്ടിൽ രാത്രിയുടെ മറവിൽ വീണ്ടും ടാങ്കറിൽ മാലിന്യം തള്ളി: പ്രതിഷേധം ശക്തമാക്കി നാട്ടുകാർ, സിസിടിവി പരിശോധനയിൽ പോലീസ്
അന്തീനാട്: പാലാ – തൊടുപുഴ റൂട്ടിൽ അന്തീനാട് അമ്പലത്തിനു സമീപമുള്ള പാട്ടത്തിൽ വളവിൽ, കഴിഞ്ഞ രാത്രിയിൽ (09/03/2026) വീണ്ടും ടാങ്കർ ലോറിയിൽ കൊണ്ടുവന്നു മാലിന്യം തള്ളി. രാത്രിയുടെ മറവിൽ നടന്ന ഈ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിനെതിരെ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.
ഇന്ന് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് പ്രദേശത്ത് അസഹനീയമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡരികിലെ ഓടയിൽ ടാങ്കർ ലോറിയിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് അന്തീനാട് അഞ്ചാം വാർഡ് മെമ്പർ ശ്രീ. പയസ് മാണി, ആറാം വാർഡ് മെമ്പർ ശ്രീ. സജീവ്. സി. ആർ., പ്രദേശവാസികളായ അഡ്വ. ജോസ് ജോസഫ് ആനക്കല്ലുങ്കൽ, റോജൻ പുതിയിടം എന്നിവർ ഉടനടി സ്ഥലത്തെത്തുകയും പാലാ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്തു. സംഭവസ്ഥലത്തിനു സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ടാങ്കർ ലോറി തിരിച്ചറിയുമെന്നും, കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉറപ്പുനൽകി.
ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവായി മാറുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് പട്രോളിംഗ് പ്രധാന പാതകളിൽ മാത്രമല്ല, ഇടറോഡുകളിലേക്കും വ്യാപിപ്പിക്കണമെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ജനപ്രതിനിധികളും നാട്ടുകാരും അധികാരികളോട് ആവശ്യപ്പെട്ടു.