Kerala

അന്തീനാട്ടിൽ രാത്രിയുടെ മറവിൽ ടാങ്കറിൽ മാലിന്യം തള്ളി; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

അന്തീനാട്: പാലാ-തൊടുപുഴ സംസ്ഥാന പാതയിൽ അന്തീനാടിന് സമീപം രാത്രിയുടെ മറവിൽ വൻതോതിൽ മാലിന്യം തള്ളിയതിനെതിരെ ജനരോഷം ശക്തമാകുന്നു. കഴിഞ്ഞ ദിവസം (09/03/2026) രാത്രിയിലാണ് അന്തീനാട് അമ്പലത്തിന് സമീപമുള്ള പാട്ടത്തിൽ വളവിലെ ഓടയിൽ ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യം നിക്ഷേപിച്ചത്.
ഇന്ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓടയിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് അന്തീനാട് അഞ്ചാം വാർഡ് മെമ്പർ പയസ് മാണി, ആറാം വാർഡ് മെമ്പർ സജീവ് സി.ആർ, പ്രദേശവാസികളായ അഡ്വ. ജോസ് ജോസഫ് ആനക്കല്ലുങ്കൽ, റോജൻ പുതിയിടം എന്നിവർ സ്ഥലത്തെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് പാലാ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും, കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, പ്രദേശത്ത് രാത്രികാലങ്ങളിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി ഇടറോഡുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും, പിടിക്കപ്പെടുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ജനപ്രതിനിധികളും നാട്ടുകാരും അധികാരികളോട് ആവശ്യപ്പെട്ടു.