പി.സി ജോർജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരത്തെ വിവാദ പ്രസംഗ കേസിൽ ജയിലിലായ പി.സി ജോർജ് വീണ്ടും ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം കോടതി ഉത്തരവ് ചോദ്യംചെയ്ത് ഹർജി നൽകി. ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ചിലാണ് പുതിയ ഹർജി നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് നീക്കം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പി.സി ജോർജ് ഹർജിയിൽ പറയുന്നു. ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ വിവാദപ്രസംഗം നടത്തിയെന്ന കേസില്‍ മജിസ്ട്രേട്ട് കോടതി ഈവിധത്തിലുള്ള പ്രസംഗം പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ പി.സി. ജോര്‍ജിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് മേയ് എട്ടിന് വെണ്ണല ക്ഷേത്രത്തില്‍ പ്രസംഗിച്ചെന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയതും അറസ്റ്റ് ചെയ്തതും.