റോഡുകളുടെ ശോച്യാവസ്ഥ: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. കുഴികൾ അടയ്ക്കാൻ സ്വീകരിച്ച നടപടികൾ ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിശോധിക്കും.
കുഴിയടയ്ക്കൽ പ്രഹസനമാണെന്ന ആരോപണത്തിനിടെയാണ് വിഷയം കോടതി പരിഗണിക്കുന്നത്. കുഴികൾ അടയ്ക്കാൻ സ്വീകരിച്ച നടപടികൾ കോടതി വിലയിരുത്തും. നെടുമ്പാശേരിക്കടുത്ത് ബൈക്ക് അപകടത്തിൽ ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവവും പരിശോധിച്ചേക്കും.
നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ അടിയന്തരമായി റോഡിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കേരള റീജിയണൽ ഓഫീസർക്കും പാലക്കാട് പ്രോജക്ട് ഡയറക്ടർക്കുമായിരുന്നു നിർദേശം.