നടി അർച്ചന കവിയുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥന് താക്കീത്
അർച്ചന കവിയോടു മോശമായി പെരുമാറിയ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി. ഫോർട്ട് കൊച്ചി എസ്എച്ച്ഒ സി.എസ്. ബിജുവിനെ സിറ്റി പോലീസ് കമ്മീഷണർ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ എസ്എച്ച്ഒയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസ് നടത്തിയത് സദാചാര പോലീസിംഗെന്ന് നേരത്തെ നടി അർച്ചന കവി ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തി മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ചൊവ്വാഴ്ച സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഞായറാഴ്ച രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അർച്ചന കവിക്കും സുഹൃത്തുക്കൾക്കും പോലീസിൽനിന്ന് ദുരനുഭവമുണ്ടായത്. നടി സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരം പങ്കുവച്ചത്. നടി പരാതി നൽകിയില്ലെങ്കിലും പോലീസുകാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന തലക്കെട്ടോടെ കേരള പോലീസ്, ഫോർട്ടുകൊച്ചി എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് നടി കുറിപ്പ് പങ്കുവച്ചത്.