ഹിന്ദി പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം; മോദിയോട് സ്റ്റാലിൻ

ഹിന്ദി പോലെ തമിഴിനെയും ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യുപിഎ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാണിച്ചു. നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കിയതാണ്. പക്ഷെ ഗവര്‍ണര്‍ ആര്‍എന്‍ രവി ഇന്നേവരെ കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടില്ല. ബില്‍ പാസാക്കി 200 ദിവസത്തിന് ശേഷം അത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാല്‍, തമിഴ്‌നാട് നിയമസഭ ഏകകണ്‌ഠേന ബില്‍ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാണിച്ചു.

വന്‍രീതിയില്‍ പണം ചെലവാക്കി സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് പോയി പഠിക്കുന്നവര്‍ക്ക് മാത്രമാണ് നീറ്റ് പരീക്ഷ എഴുതിയെടുക്കാന്‍ സാധിക്കുന്നത്. ഇത് പാവപ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തലാണെന്നും അതുകൊണ്ടാണ് എതിര്‍ത്തതെന്നും എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

Leave a Reply