ഉദ്യാനപാലകർ ഹാപ്പിയാണ് …. ഇവർക്ക് ഇന്ന് ആദരപ്പൂക്കൾ

പാലാ – ഏറ്റുമാനൂര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കല്‍ വഴി കടന്നുപോകുന്ന എല്ലാവരും ആറ്റുതീരത്തെ ഒരു മനോഹരമായ ഉദ്യാനം കാണാതിരിക്കില്ല. മിഴികള്‍ക്കും മനസ്സിനും ആനന്ദം പകരുന്ന ഈ ആറ്റുതീര ഉദ്യാനം ഇത്രമനോഹരമായി സംരക്ഷിക്കുന്നത് 72 വയസ്സ് പിന്നിട്ട ജോസഫ് പാലത്താനത്തും പി.എസ്. രാജപ്പന്‍ തേക്കിലക്കാട്ടിലുമാണ്. ഇരുവരും പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഇന്‍ഡ്യാര്‍ ഫാക്ടറിയിലെ ജീവനക്കാരായിരുന്നു. ഇവിടെ നിന്നും വിരമിച്ച ശേഷം ഇരുവരേയും ഫാക്ടറി തന്നെയാണ് ഈ ഉദ്യാനപാലനം ഏല്‍പ്പിച്ചുകൊടുത്തത്.

ആറ്റുതീരം ഉദ്യാനപാലകരായ ജോസഫിനെയും രാജപ്പനെയും ലോക പരിസ്ഥിതി ദിനമായ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആദരിക്കുകയാണ്. പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ രമേഷ് കിടങ്ങൂരിന്റെ അദ്ധ്യക്ഷത ചേരുന്ന യോഗത്തില്‍ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് മീനാഭവന്‍ ഇരുവരെയും പൊന്നാട ചാര്‍ത്തി ആദരിക്കും.

2008-ല്‍ പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ആയിരുന്ന പ്രൊഫ. കെ.കെ. എബ്രാഹമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആറ്റുതീരം ഉദ്യാനം സൃഷ്ടിച്ചതും തുടക്കം മുതല്‍ സംരക്ഷിച്ച് വരുന്നതും കടയം പാലത്താനത്ത് ജോസഫും മുത്തോലി തേക്കിലക്കാട്ടില്‍ പി.എസ്. രാജപ്പനും ചേര്‍ന്നാണ്. ഇപ്പോള്‍ മീനച്ചിലാറും ഏറ്റുമാനൂര്‍ ഹൈവേയും അതിരിടുന്ന രണ്ടര കിലോമീറ്റര്‍ നീളത്തിലാണ് മനോഹരമായ ആറ്റുതീരം ഉദ്യാനം കാഴ്ചക്കാരുടെ മനം കവരുന്നത്. ആയിരത്തോളം ചെടികളാണ് ഇരുവരും ചേര്‍ന്ന് വച്ചുപിടിപ്പിച്ചത്. ആല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളും കോളാമ്പി ചെടിയും പുല്ലുവര്‍ഗ്ഗവുമൊക്കെ ഇവര്‍ ദിവസവും വെട്ടിയൊതുക്കി മനോഹരമാക്കുന്നു. രാവിലെ 7 ന് ആറ്റുതീരം ഉദ്യാനത്തിലെത്തുന്ന ഇരുവരും ആദ്യം മാലിന്യങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യും. തുടര്‍ന്ന് കാടുവെട്ടല്‍, ചെടിയൊരുക്കല്‍, ആറ്റുതീരം തെളിക്കല്‍, വേനല്‍കാലത്ത് നനയ്ക്കല്‍ തുടങ്ങി ഒട്ടേറെ ജോലിയുണ്ട്. വൈകിട്ട് 4 വരെ പൂന്തോട്ടത്തില്‍ ചെലവഴിക്കുന്ന ഇരുവരുടേയും ആത്മാര്‍ത്ഥമായ പരിശ്രമവും കരവിരുതുമാണ് ആറ്റുതീരം ഉദ്യാനത്തെ മനോഹരമാക്കുന്നത്.

ഇന്ന് ഇവിടം മുതിര്‍ന്നവരുടെ വിശ്രമകേന്ദ്രമാണ്…… കമിതാക്കളുടെ പ്രണയപ്പൂക്കൾ വിടരുന്ന ഇവിടം….. കുട്ടികളുടെ കളിത്തോട്ടം…….. പകല്‍സമയം വാഹനങ്ങല്‍ നിര്‍ത്തി മരത്തണലില്‍ യാത്രക്കാര്‍ വിശ്രമിക്കുന്നതും പതിവുകാഴ്ച. ഈ ഉദ്യാന ഭംഗി ആസ്വദിക്കാന്‍ നൂറുകണക്കിനാളുകളാണ് ഇവിടേക്കെത്തുന്നത്. അവധി ദിനത്തില്‍ തിരക്കേറും. മനോഹരമായ ആറ്റുതീരം ഉദ്യാനത്തെ കൂടുതല്‍ സുന്ദരിയാക്കുന്ന ജോസഫിനെ രാജപ്പനെയും അനുമോദിക്കുന്ന ചടങ്ങ് പ്രകൃതി സ്‌നേഹികളുടെ ഒത്തുചേരല്‍ വേദികൂടിയാകും.

Leave a Reply