ബി.പ്ലസ് ഫുൾ മാർക്കായി!
കണ്ണുനിറഞ്ഞ് കുറുമണ്ണ് സ്കൂൾ

കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനിയായിരുന്ന റിയ ഷിബുവിനാണ് പരീക്ഷാ വിഭാഗത്തിൻ്റെ അശ്രദ്ധമൂലം മൂന്നാഴ്ച മുൾ മുനയിൽ കഴിയേണ്ടി വന്നത്.

ഫലം വന്നപ്പോള്‍ റിയയ്ക്ക് 9 എ പ്ലസ്. ഏവരേയും ഞെട്ടിച്ചു കൊണ്ട് മലയാളം അധ്യാപകരുടെ മകളായ റിയയ്ക്ക് മലയാളം രണ്ടാം പേപ്പറിനു മാത്രം ബി ഗ്രേഡ്!
ഈ മിടുക്കിക്ക് എല്ലാത്തിനും എ പ്ലസ് കിട്ടുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. ഞെട്ടിക്കുന്ന ഫലം വന്നതോടെയാണ് റീവാല്യുവേഷന് കൊടുക്കുകയും ഒപ്പം ഉത്തരപേപ്പറിന്റെ കോപ്പി എടുപ്പിക്കുകയും ചെയ്തത്.

മലയാളം രണ്ടാം പേപ്പറിന് 40ല്‍ 40 മാര്‍ക്കും കിട്ടിയ കുട്ടിക്കാണ് ബി പ്ലസ് രേഖപ്പെടുത്തി ഫലം വന്നത്. മാര്‍ക്ക് കൂട്ടിയെഴുതിയപ്പോഴോ എടുത്തെഴുതിയപ്പോഴോ ഉണ്ടായ പിഴവാകാമെന്നാണ് കരുതുന്നത്.

തുടങ്ങനാട് സെന്റ് തോമസ് സ്‌കൂളിലെ മലയാളം അധ്യാപകനായ ഷിബുവിന്റെയും റിയ പഠിക്കുന്ന കുറുമണ്ണ് സ്‌കൂളിലെ തന്നെ മലയാളം അധ്യാപികയായ ജിനി ജോര്‍ജ്ജിന്റെയും മൂത്ത മകളാണ് റിയ. റീമ, റീഥ എന്നിവരാണ് സഹോദരങ്ങള്‍.

”റിയയ്ക്ക് ഫുള്‍ എ പ്ലസ് കിട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂളിലെ വിജയദിനാഘോഷം പോലും റീവാല്യുവേഷന്‍ റിസള്‍ട്ട് വരുംവരെ മാറ്റിവച്ചിരിക്കുകയായിരുന്നു” സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയി ജോസഫ് ” കേരള കൗമുദി ” യോടു പറഞ്ഞു. സ്‌കൂളില്‍ കഴിഞ്ഞ നാലുവര്‍ഷമായി എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് നൂറു ശതമാനം വിജയമാണ്. ഇത്തവണ 95 പേര്‍ എഴുതിയതില്‍ 95 പേരും വിജയിച്ച് നൂറുമേനി ആവര്‍ത്തിച്ചു.

“എന്തായാലും മോള്‍ക്ക് മലയാളത്തിന് 95% ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെയാണ് റീവാല്യുവേഷന് കൊടുത്തതിനൊപ്പം ഉത്തരപേപ്പറിന്റെ ഫോട്ടോകോപ്പി കൂടി എടുപ്പിക്കാന്‍ ഉടന്‍ തയ്യാറായത്” മാതാപിതാക്കളായ ഷിബുവും ജിനിയും പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ഉത്തരപേപ്പറിന്റെ ഫോട്ടോകോപ്പി ഹെഡ്മാസ്റ്ററുടെ പക്കല്‍ എത്തിയത്. റീവാല്യുവേഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം അടുത്തയാഴ്ചയേ ഉണ്ടാകൂ. തുടര്‍ന്ന് റിയയ്ക്ക് പ്രത്യേക ഉപഹാരം സമ്മാനിച്ചുകൊണ്ട് വിജയദിനം ആഘോഷിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ ബിജോയ് ജോസഫ് പറഞ്ഞു

Leave a Reply