കേരളത്തിൽ അസാധാരണമായ അതിതീവ്രമഴ, 7 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലയിൽ വിദ്യാഭ്യാസ അവധി

സംസ്ഥാനത്ത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നു റെഡ് അലർട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചു. മറ്റന്നാൾ വടക്കൻ കേരളത്തിലേക്കും അതിതീവ്രമഴ വ്യാപിക്കുമെന്നാണു പ്രവചനം. 2 ദിവസമായി മഴക്കെടുതികളിൽ 7 പേർ മരിച്ചു. കോട്ടയം മൂന്നിലവ് മങ്കൊമ്പിലും കണ്ണൂർ നെടുമ്പൊയിലിലും ഉരുൾപൊട്ടി. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി. കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. ദേശീയ ദുരന്തനിവാരണ സേനയുടെ 4 സംഘങ്ങൾ സംസ്ഥാനത്തെത്തി.

12 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 165 പേരെ മാറ്റിപ്പാർപ്പിച്ചു. 5 വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. മണ്ണൊലിപ്പു സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മലയോര മേഖലയിലേക്കു രാത്രിയാത്ര ഒഴിവാക്കണം. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനം വിലക്കി. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫിസിലും കൺട്രോൾ റൂമുകൾ തുറന്നു. എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും