കോൺഗ്രസ് അധ്യക്ഷപദം: ഗെഹ്ലോട്ട് പുറത്ത്, കമൽനാഥിനു താത്പര്യമില്ല
കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സാധ്യത മങ്ങി. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നതിൽനിന്നു ഗെഹ്ലോട്ടിനെ ഒഴിവാക്കണമെന്നു പാർട്ടി അധ്യക്ഷയോടു കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
രാജസ്ഥാനിൽ എംഎഎൽമാരെ കൂട്ടുപിടിച്ചുള്ള നാടകം കോണ്ഗ്രസ് കേന്ദ്ര നേതൃത്തെ പാടേ അതൃപ്തിയിലാഴ്ത്തി. ഭാരിച്ച ഉത്തരവാദിത്വം ഗെഹ്ലോട്ടിനെ വിശ്വസിച്ച് ഏൽപ്പിക്കരുതെന്നാണു മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയെ ധരിപ്പിച്ചത്.
അതേസമയം, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിനു താത്പര്യമില്ലെന്നു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു. രാജസ്ഥാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനായിരുന്നു കമൽനാഥിനെ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുവരുത്തിയത്.
മധ്യപ്രദേശ് രാഷ്ട്രീയത്തിൽ തുടരാനാണു താത്പര്യമെന്ന് കമൽനാഥ് സോണിയയെ അറിയിച്ചു. അതിനിടെ, കോണ്ഗ്രസ് അധ്യക്ഷപദവിയിലേക്കുള്ള മത്സരരംഗത്ത് ഉറച്ചുനിൽക്കുകയാണെന്നും തനിക്കു ശക്തമായ പിന്തുണയുണ്ടെന്നും ശശി തരൂർ വ്യക്തമാക്കിക്കഴിഞ്ഞു.