ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ വ്യാപക അറസ്റ്റ്
ഇറാനിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത കുർദിഷ് യുവതി മരിച്ചതിനെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്ത 450 പേർ മസന്ദാരൻ പ്രവിശ്യയിൽ അറസ്റ്റിൽ. സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പ്രക്ഷോഭകർ സർക്കാർ കെട്ടിടങ്ങൾ ആക്രമിച്ചെന്നും പൊതുമുതൽ നശിപ്പിച്ചെന്നും മസന്ദാരൻ പ്രവിശ്യാ ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് കരിമി അറിയിച്ചു. നേരത്തേ, മസന്ദാരനുമായി അതിർത്തി പങ്കിടുന്ന ഗിലിയൻ പ്രവിശ്യയിൽ 60 സ്ത്രീകൾ ഉൾപ്പെടെ 739 പേർ അറസ്റ്റിലായിരുന്നു.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു കസ്റ്റഡിയിലെടുത്ത കുർദിഷ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭം പിന്നീട് രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. പ്രക്ഷോഭത്തിൽ 41 പേർ കൊല്ലപ്പെട്ടതായാണു സർക്കാർ കണക്ക്.