ട്രെയിൻ വേഗം കൂട്ടൽ: കേരളത്തിലെ 2 റെയിൽ പാതകളുടെ ഗ്രൂപ്പ് മാറ്റി റെയിൽവേ
കേരളത്തിലെ റെയിൽ പാതകളിലെ വേഗം കൂട്ടുന്നതിനു മുന്നോടിയായി 2 പാതകൾ ഡി ഗ്രൂപ്പിൽ നിന്നു ബി ഗ്രൂപ്പിലേക്ക് ഉയർത്തി റെയിൽവേ ബോർഡ്. തിരുവനന്തപുരം–എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർ–മംഗളൂരു പാതകളാണു ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പ് ബിയുടെ ഭാഗമായ റൂട്ടുകളാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ വികസിപ്പിക്കുക. പ്രാധാന്യത്തിന്റെയും വേഗത്തിന്റെയും അടിസ്ഥാനത്തിൽ ബ്രോഡ്ഗേജ് പാതകളെ 5 ആയിട്ടാണു തിരിച്ചിട്ടുള്ളത്. എ ഗ്രൂപ്പിൽ വരുന്ന പാതകളിൽ 160 കിമീ വേഗവും ബിയിൽ 130 കിമീ വേഗവും വേണമെന്നാണു നിബന്ധന. കേരളത്തിലെ മിക്ക പാതകളും പരമാവധി വേഗം 100 വരുന്ന ഡി ഗ്രൂപ്പിലായിരുന്നു ഇതുവരെ.