കേരളാ കോൺഗ്രസ്സ് സ്റ്റിയറിംഗ് കമ്മറ്റിയംഗം അഡ്വ ജി എസ് ചാക്കോച്ചൻ അന്തരിച്ചു

പാലാ: കേരളാ കോൺഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗവും കാഞ്ഞിരപ്പള്ളി ബാറിലെ അഭിഭാഷകനും, നോട്ടറിയുമായിരുന്ന ഉരുളികുന്നം ഗണപതിപ്പാക്കൽ അഡ്വ ജി എസ് ചാക്കോച്ചൻ (66) അന്തരിച്ചു.കെ എസ് സി യിലൂടെ രാഷ്ടീയ പ്രവർത്തനം ആരംഭിച്ച ജി എസ്, കെ എസ് സി യുടെ ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ച് മുൻ മുകുന്ദപുരം എം പിയായിരുന്ന അന്തരിച്ച കെ മോഹൻ ദാസ് കെ എസ് സി പ്രസിഡൻ്റായിരുന്നപ്പോൾ സംസ്ഥാന ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറിയായിരുന്നു. തുടർന്ന് യൂത്ത് ഫ്രണ്ടിൻ്റെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ച് സംസ്ഥാന ജനറൽ സെക്രട്ടറിയായി.എന്നും പി ജെ ജോസഫിന് ഒപ്പം അടിയുറച്ച് നിന്നിരുന്ന ജി എസ് തുടർന്ന് പാർട്ടി യുടെ നേതൃത്വത്തിലേക്ക് കടന്നു വരികയും പാർട്ടി ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റിയംഗമായും ദീർഘകാലും പ്രവർത്തിച്ചു. 1987 കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കാഞ്ഞിരപ്പളളി എസ് ഡി കോളജിൽ കെഎസ് സി യുടെ ചാർജ്ജ് വഹിച്ച് രാഷ്ടീയ എതിരാളികളെ മുട്ടുകുത്തിച്ച് മുഴുവൻ സീറ്റും കരസ്ഥമാക്കി ശ്രദ്ധേയനായി. അഡ്യ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ചാക്കോ പോൾ, ജോജി വാളിപ്ലാക്കൽ, തോമസ് വെട്ടിക്കാട്ട് എന്നിവരായിരുന്നു കെഎസ് സി ക്ക് എസ് ഡി കോളജിൽ അന്ന് നേതൃത്വം കൊടുത്തിരുന്നത്. ദീർഘകാലം എലിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും പ്രസിഡൻ്റുമായിരുന്നു.പാർട്ടി ചെയർമാൻ പി ജെ ജോസഫിൻ്റെ പാത പിന്തുടർന്ന് മികച്ച കർഷനും വാഗ്മിയുമായിരുന്നു ജി എസ്.അതി രാവിലെ കൃഷിയിടത്തിൽ ഇറങ്ങി കൃഷി പണിക്ക് ശേഷമായിരുന്നു കോടതിയിൽ പോയിരുന്നത്.

റിട്ട: എസ്ബിഐ മാനേജർ റൂബി കുര്യാക്കോസാണ് ഭാര്യ.രണ്ട് മക്കൾ. മൃതദേഹം ശനിയാഴ്ച (15-10 -2022) വൈകിട്ട് 4 മണിക്ക് പൈക ചെങ്ങളം റൂട്ടിലുള്ള സ്വവസതിയിൽ കൊണ്ടുവരുന്നതും സംസ്കാരം ഞായറാഴ്ച (ഒക്:16 )ഉച്ചകഴിഞ്ഞ് 2-30 ന് സംസ്കാരശ്രൂശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് ഉരുളികുന്നം സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും