‘ഷീ ഈസ് ഫൈൻ, മിടുക്കിയാണ്, റാങ്ക് ഹോൾഡറാണ്’: ഒരു യുവാവിനെ വിഷം കൊടുത്ത് കൊന്ന ഗ്രീഷ്മയെ മിടുക്കി ആക്കി എസ്.പി ശിൽപ

കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ച് കേസ് അന്വേഷിക്കുന്ന റൂറൽ എസ്.പി ഡി. ശിൽപ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. ഗ്രീഷ്മ മിടുക്കിയാണെന്നും റാങ്ക് ഹോൾഡറാണെന്നുമുള്ള എസ്.പി പ്രതികരണം സോഷ്യൽ മീഡിയകളിൽ പുതിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവെയ്ക്കവേയായിരുന്നു ‘ഷീ ഈസ് ഫൈൻ, മിടുക്കിയാണ്, റാങ്ക് ഹോൾഡറാണ്’ എന്ന പരാമർശം ശില്പ നടത്തിയത്. ഒരു കൊലപാതകം ചെയ്ത ക്രിമിനലിനെ കുറിച്ച് സംസാരിക്കുമ്പോൾ ‘അവൾ മിടുക്കിയാണ്’ എന്ന കമന്റ് പറയാൻ മാത്രം ഇവിടുത്തെ പോലീസിനെ പ്രേരിപ്പിക്കുന്നത് എന്തെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

അതേസമയം, ഷാരോൺ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്കെതിരെ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ആത്മഹത്യാശ്രമത്തിന് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യപ്രതി ഗ്രീഷ്മയുടെ റിമാന്‍ഡ് നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തും. ഗ്രീഷ്മയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനം ഇന്നുചേരുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകും.

ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മ സിന്ധു ശ്രീകുമാറിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഷായത്തിന്‍റെ കുപ്പി കണ്ടെടുക്കാന്‍ വീട്ടില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണിന് വിഷം നല്‍കിയെന്ന് ഗ്രീഷ്മ സമ്മതിച്ച കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയത്. ഇത് കണ്ടെടുക്കുന്നതിനുവേണ്ടിയാണ് തെളിവെടുപ്പ്.