പാലാ ബൈപ്പാസിന്റെ കുപ്പിക്കഴുത്തായിരുന്ന ഭാഗം പി.ഡബ്ല്യു.ഡി. ഗതാഗതത്തിനായി തുറന്നു

രാഷ്ട്രീയപരമായി ഏറെ വിവാദം ഉയര്‍ത്തിയ പാലാ ബൈപ്പാസിന്റെ കുപ്പിക്കഴുത്തായിരുന്ന ഭാഗം പി.ഡബ്ല്യു.ഡി. ഗതാഗതത്തിനായി തുറന്നു.സോളിംഗ് പൂര്‍ത്തിയാക്കി റോഡ് തുറന്നതോടെ ഏറെ ആശ്വാസത്തിലാണ് യാത്രക്കാര്‍, ഇപ്പോള്‍ സോളിംഗ് നടത്തിയിട്ടേയുളളൂ ടാറിംഗിന് കുറച്ചുകാലംകൂടിതാമസമുണ്ടാവും . മുന്നുദിവസം മുമ്പാണ് മതിലുകള്‍ ഇടിച്ച് റോഡ് വിശാലമാക്കിയത്. ഇവിടെ റോഡിന് നടുവിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകള്‍ രണ്ടാഴ്ച മുമ്പ് റോഡ് സൈഡിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു.
രാഷ്ട്രീയക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് പലപല നിലപാടുകള്‍ പറയുകയും പലവിധ ഉദ്ഘാടനങ്ങള്‍ നടത്തുകയും ഒപ്പം പലവിധ സമരങ്ങള്‍ അരങ്ങേറുകയും ചെയ്ത ബൈപാസിന്റെ കുപ്പിക്കഴുത്ത് പാലാ നഗരത്തിനെന്നും ശാപമായിരുന്നു. നാലുകിലോമീറ്ററോളം നീളമുള്ള ബൈപ്പാസിന്റെ സിവില്‍ സ്റ്റേഷന് എതിര്‍വശത്തെ ഭാഗമാണ് യാത്രക്കാര്‍ക്ക് തലവേദനയായി ഇടുങ്ങി നിന്നിരുന്നത്. കോടതി കേസുകളും വ്യവഹാരങ്ങളും സമരങ്ങളുമൊക്കെയായി റോഡ് അതേപടി തന്നെ നിന്നപ്പോള്‍ യാത്രക്കാര്‍ നന്നേ വലഞ്ഞു. ചിലര്‍ക്കൊക്കെ സമരത്തിന്റെ ആയുധമായി മാറിയത് ഈ കുപ്പിക്കഴുത്ത് തന്നെ. എന്തായാലും റോഡ് തുറന്നുകൊടുക്കുന്നതിന്റെ പേരില്‍ ഉദ്ഘാടനം നടത്താന്‍ ഒരു നേതാവിനും അവസരം കിട്ടാത്തതിലും യാത്രക്കാര്‍ക്ക് സന്തോഷമുണ്ട്.