മുട്ടത്ത് കാർ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു

തൊടുപുഴ – മൂലമറ്റം റോഡിലെ ഒളമറ്റം പെരുക്കോണി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം 3 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 10 പേർക്കു പരുക്കേറ്റു. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിനി പുത്തൻപറമ്പിൽ റെജീന ഹസ്സൻ (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

മുട്ടം ഭാഗത്ത് നിന്നു വന്ന കാർ എതിർ ദിശയിൽ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ എത്തിയ സ്കൂട്ടറും ഓട്ടോയിലേക്ക് ഇടിച്ചുകയറി. ഓട്ടോയിലായിരുന്നു റെജീന. ഒപ്പം യാത്ര ചെയ്ത മകൾ ഫാത്തിമ (15), സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശി വെട്ടിക്കൽ ഷുഹൈബ് (30) എന്നിവർക്കു ഗുരുതരമായ പരുക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന ജസീല, മകൾ ഫൗസിയ, ഡ്രൈവർ മുഹമ്മദ് അജ്മൽ എന്നിവർക്കും കാറിലുണ്ടായിരുന്ന പൂഞ്ഞാർ സ്വദേശികളായ യദു കൃഷ്ണൻ, ത്രിവിക്രമൻ, ശ്രീലക്ഷ്മി, കെ.വി.പത്മ, ബിന്ദു വിക്രമൻ എന്നിവർക്കും പരുക്കുണ്ട്.