പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു. 95 വയസായിരുന്നു.

പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ (95) കാലം ചെയ്തു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. 2013-ലാണ് അദ്ദേഹം മാർപാപ്പ സ്ഥാനം രാജിവെച്ചത്.

2005-ൽ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാർപാപ്പയായി സ്ഥാനമേറ്റത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായംകൂടിയ മാർപാപ്പയായിരുന്നു അദ്ദേഹം. എട്ടുവർഷത്തിന് ശേഷം 2013-ൽ സ്ഥാനമൊഴിഞ്ഞു. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ പോപ്പാണ് ബനഡിക്ട് പതിനാറാമൻ.

1927 ഏപ്രിൽ 16-ന് ജർമനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്സിംഗർ എന്ന പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗർ സീനിയറിന്റേയും മരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫ് റാറ്റ്സിംഗർ. സാൽസ്ബർഗിൽനിന്ന് 30 കിലോമീറ്റർ അകലെ ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്സിംഗർ ബാല്യ, കൗമാരങ്ങൾ ചെലവഴിച്ചത്.