ജോഷിമഠില്‍ വിള്ളല്‍ കണ്ടെത്തിയത് 678 കെട്ടിടങ്ങള്‍ക്ക്; കെട്ടിടങ്ങള്‍ പൊളിച്ച് തുടങ്ങും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ജോഷിമഠിലെ വിള്ളല്‍വീണതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങും. പൊളിഞ്ഞ് വീഴാറായ കെട്ടിടങ്ങള്‍ മറ്റ് കെട്ടിടങ്ങള്‍ക്കുകൂടി ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വിള്ളല്‍ വീണ രണ്ട് ഹോട്ടലുകളാണ് ആദ്യം പൊളിച്ചുനീക്കുക. അടിത്തറ പൊളിഞ്ഞ മലാരി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങി. സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് നടപടികള്‍. പ്രദേശത്തെ ഭൂമിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഡേയ്ഞ്ചര്‍, ബഫര്‍, സേഫ് എന്നീ മൂന്ന് സോണുകളായി തിരിച്ചാണ് പൊളിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നടക്കുന്നത്. ജോഷിമഠില്‍ രൂപപ്പെട്ട വിള്ളല്‍ കൂടുതല്‍ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതിനകം 678 കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. രണ്ട് ഹോട്ടലുകളും നിരവധി വീടുകളും ക്ഷേത്രങ്ങളും വിള്ളലിന്റെ ഭീഷണിയിലാണ്. 81 കുടുംബങ്ങളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം റൂര്‍ക്കി സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.