ഗഗൻയാൻ യാത്രികർ വിഎസ്‌എസ്‌സിയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവന്തപുരത്ത് എത്തി

തിരുവനന്തപുരം ∙ വിഎസ്‌എസ്‌സിയിലെ പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. പത്തരയോടെ വിമാനത്താവളത്തിലെത്തി ആദ്യം വിഎസ്എസ്‌സിയിലേക്കു പോകുന്ന പ്രധാനമന്ത്രി ചടങ്ങുകൾക്കു ശേഷം 12 മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎ പദയാത്ര സമാപനത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ൽ പോകുന്ന യാത്രികര്‍ ആരൊക്കെയെന്നത് വിഎസ്‌എസ്‌സിയിൽ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി നാല് യാത്രികരും വിഎസ്എസ്‌സിയില്‍ എത്തി. ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്കര വെല്ലുവിളികൾ നേരിടാൻ സമർഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്.
ഉച്ചയ്ക്ക് 1.20ന് പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകും. നാളെ ഉച്ചയ്ക്ക് 1.10ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്കു പോകും.