കെഎസ്ആർടിസി റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ

തിരുവനന്തപുരം∙ കെഎസ്ആർടിസി സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നു. പരീക്ഷണാർഥം തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകൾ ഉൾപ്പെടുത്തി. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ടിൽ ഇത് ലഭ്യമാകും. പോകേണ്ട സ്ഥലം നൽകിയാൽ പെട്ടെന്നു വിവരങ്ങൾ ലഭിക്കും. സിറ്റി സർക്കുലർ സർവീസുകളുടെ വിവരം പൂർണമായും ഉൾപ്പെടുത്തിയ ശേഷം ദീർഘദൂര സർവീസുകളായ സ്വിഫ്റ്റ് സർവീസുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിലെത്തും. പിന്നീട് മുഴുവൻ കെഎസ്ആർടിസി ബസുകളുടെയും റൂട്ട് ഗൂഗിൾ മാപ്പിൽ എത്തിക്കാനാണ് തീരുമാനം.
തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾ മജന്ത, യെലോ, ഗ്രീൻ, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിൽ എപ്പോഴും കറങ്ങുന്ന ഇൗ സർവീസുകളുടെ റൂട്ടുകൾ മനസ്സിലാക്കാൻ യാത്രക്കാർക്കു ബുദ്ധിമുട്ടായപ്പോഴാണ് ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നത്. ബസുകളിലെ ജിപിഎസ് പ്രവർത്തനസജ്ജമാകുന്നതോടെ ബസ് എവിടെ എത്തിയെന്നതും മാപ്പിൽ ലഭ്യമാകുമെന്ന് സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ പറഞ്ഞു.