തട്ടേക്കാട്, പന്പാവാലി, ഏയ്ഞ്ചൽവാലി മേഖലകളെ വന്യജീവി സങ്കേതത്തിൽനിന്ന് ഒഴിവാക്കും
തട്ടേക്കാട് പക്ഷിസങ്കേതം, പന്പാവാലി, ഏയ്ഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനായി ചേർന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗത്തിലാണ് ഈ തീരുമാനം.
തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷിസങ്കേതത്തിൽനിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
കൂടാതെ പെരിയാർ ടൈഗർ റിസർവിലെ പന്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിയാർ ടൈഗർ റിസർവ് 1978 ലും തട്ടേക്കാട് പക്ഷി സങ്കേതം 1983ലുമാണ് രൂപീകൃതമായത്.
യോഗത്തിൽ ബോർഡ് വൈസ് ചെയർപേഴ്സണ്‍ വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ, പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വനംവകുപ്പ് മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ് തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് മേഖലകളെ വന്യജീവി സങ്കേതത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഈ ശിപാർശ കേന്ദ്ര വനം-വന്യജീവി ബോർഡിന് കൈമാറും. തുടർന്ന് കേന്ദ്രം തീരുമാനിക്കുന്ന വിദഗ്ധസമിതി വിഷയം പഠിച്ച് നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും അന്തിമ തീരുമാനം വരിക. അതിന് ശേഷമാകും ഈ പ്രദേശങ്ങളെ വന്യജീവി സങ്കേതത്തിൽ നിന്ന് ഒഴിവാക്കി കേരളം പുനർവിജ്ഞാപനം നടത്തുക. നിലവിലെ സാഹചര്യത്തിൽ ഏറെ നാളത്തെ കാത്തിരിപ്പ് അതിന് വേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചന.