ഡോ. ശാന്താ ജോസഫിന് വിട നൽകി
തൊടുപുഴ: മുൻ മന്ത്രിയും എംഎൽഎയുമായ പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്താ ജോസഫിന് രാഷ‌്ട്രീയ, സാമൂഹ്യ, ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ചേർന്ന് വിട നൽകി. വസതിയിൽ നടന്ന ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.
തുടർന്ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് പുന്നക്കോട്ടിൽ, ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കണിമറ്റം എന്നിവർ നേതൃത്വം നൽകി. സെമിത്തേരിയിൽ നടന്ന സംസ്കാര ശുശ്രൂഷയിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിൽ കണ്ടത്തിൽ കാർമികത്വം വഹിച്ചു.
പി.ജെ.ജോസഫ് പ്രിയതമയുടെ ചേതനയറ്റ ശരീരത്തിൽ അന്ത്യ ചുംബനമർപ്പിച്ചപ്പോൾ മക്കളും ചെറുമക്കളുമുൾപ്പെടെയുള്ളവരുടെ കണ്ണുകൾ ഈറനണിഞ്ഞു.