തകര്‍ത്ത ബാരിക്കേഡുകള്‍ നന്നാക്കി തരണമെന്ന് പൊലീസ്; വെട്ടിലായി യൂത്ത് കോണ്‍ഗ്രസ്

കളക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡുകള്‍ തല്ലിത്തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം കഴിഞ്ഞ് ഡിസിസി ഓഫീസില്‍ എത്തും മുന്നേ പൊലീസ് അവിടെ എത്തി ബാരിക്കേഡുകള്‍ നന്നാക്കി തരണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പൊതു മുതല്‍ നശിപ്പിച്ചതിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഒടുവില്‍ പണിക്കാരെ വെച്ച് ബാരിക്കേഡുകള്‍ നന്നാക്കി തരാം എന്ന് നേതാക്കളും യൂത്ത് കോണ്‍ഗ്രസും ഉറപ്പ് നല്‍കി. സാധാരണ ബാരിക്കേഡുകള്‍ ചാടിക്കടക്കുകയാണ് സമരക്കാരുടെ രീതി. എന്നാല്‍ ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചത് ബാരിക്കേഡുകള്‍ തകര്‍ത്ത് അപ്പുറത്തെത്താനായിരുന്നു. പൊലീസിന്റെ അഞ്ച് ബാരിക്കേഡുകളും ഒരു വടവുമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തകര്‍ത്തത്. പ്രതിഷേധ സമരത്തിന് ശേഷം എല്ലാവരേയും അറസ്റ്റ് ചെയ്ത് സൗത്ത് ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗതാഗതം തടസ്സപ്പെടുത്തിയതിന് കുറ്റം ചുമത്തി ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയപ്പോഴേയക്കും ജില്ലാ പൊലീസ് മോധാവി ചൈത്ര തെരേസ ജോണിന്റെ വിളി വന്നു. അറസ്റ്റിലായവരെ വെറുതേ വിടരുതെന്നും പൊതുമുതല്‍ നശിപ്പിച്ചതിന് അകത്തിടണമെന്നുമായിരുന്നു നിര്‍ദേശം.
അതല്ലെങ്കില്‍ അഞ്ച് ബാരിക്കേഡുകള്‍ നന്നാക്കാന്‍ 65,000 രൂപ ഈടാക്കണം. വടം നശിപ്പിച്ചതിന് 5000 രൂപ വേറെയും ഈടാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു. ഇതോടെയാണ് പൊലീസ് ബാരിക്കേഡുകള്‍ ഡിസിസി ഓഫീസിന് മുന്നില്‍ കൊണ്ടിട്ടത്. പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് വേണ്ട ബാരിക്കേഡുകള്‍ നന്നാക്കിത്തരാം എന്ന് നേതാക്കള്‍ പറഞ്ഞു.