ജോസ് കെ മാണി കോട്ടയത്ത് മത്സരിക്കാത്തത് പരാജയഭീതിമൂലമാണോ: സജി മഞ്ഞക്കടമ്പിൽ.

കോട്ടയം: പി ജെ ജോസഫിനെ പോലുള്ള സിനിയർ നേതാവിനെ അധിക്ഷേപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ചാഴികാടന് പാലായിൽ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം കൂക്കിവിളിച്ച് അധിക്ഷേപിച്ചതിൻ്റെ പേരിൽ അസംബ്ലി ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം നേരിടേണ്ടി വന്ന അവസ്ഥയുണ്ടാകുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച പി ജെ ജോസഫിന് സീറ്റ് നൽകാൻ മാണി സാർ ആഗ്രഹിച്ചിരുന്നുവെങ്കിലും മാണി സാറിൻ്റെ ആനാരോഗ്യം മുതലെടുത്ത് സീറ്റ് തട്ടിയെടുത്ത ചാഴികാടൻ, കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ
പി.ജെ. ജോസഫ് സീറ്റ് ചോദിച്ചത് പാർട്ടിയിൽ പ്രശ്നമുണ്ടാക്കനായിരുന്നു എന്ന് ഇപ്പോൾ പ്രസ്താവന ഇറക്കിയിരിക്കുന്നത് ദുരുദ്ധേശപരമാണെന്നും സജി ആരോപിച്ചു.

ലോക്സഭയിൽ ഒന്നരവർഷം കൂടി കാലാവധിയുള്ളപ്പോൾ രാജ്യസഭ ഏറ്റെടുത്ത ചാഴികാടന്റെ പാർട്ടിയുടെ ചെയർമാൻ ജോസ് കെ.മാണിയുടെ രാജ്യസഭാ കാലവധി തീരാറായ സാഹചര്യത്തിൽ കോട്ടയത്ത് മത്സരിക്കാത്തത് പരാജയഭീതിമൂലമാണോ എന്നുകൂടി ചാഴികാടൻ വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു.

കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കാലത്ത് പി ജെ ജോസഫിനുള്ള പ്രായവും, ആരോഗ്യവും അല്ല ഇപ്പോൾ ഉള്ളതെന്ന് തോമസ് ചാഴികാടന് നല്ല ബോദ്ധ്യമുണ്ടായിട്ടും അദ്ധേഹത്തെ അധിക്ഷേപിക്കാൻ ഇറങ്ങിയിരിക്കുന്ന അഹങ്കാരത്തിന് കോട്ടയത്തെ ജനങ്ങൾ മറുപടി നൽകുമെന്നും സജി പറഞ്ഞു.

പി. ജെ.ജോസഫിന് പ്രായമായെങ്കിലും അദ്ദേഹം കാലിലും കയ്യിലും കംപ്രഷൻ സോക്സും നടുവിന് ബെൽറ്റുമിട്ടല്ല നടക്കുന്നതെന്നും, സ്ഥിരം ആശുപത്രി വാസിയല്ല എന്നുകൂടി ചാഴികാടൻ മനസ്സിലാക്കണമെന്നും സജി പറഞ്ഞു.